ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. നല്ല കാര്യങ്ങളോട് എല്ലായ്‌പ്പോഴും കോൺഗ്രസിന് അസഹിഷ്ണുതയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടികൾക്ക് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്ത് സംഭവിക്കുന്ന നല്ലകാര്യങ്ങൾ സഹിക്കാൻ കോൺഗ്രസിന് വലിയ ബുദ്ധിമുട്ടാണ്. ചെങ്കോലിനെക്കുറിച്ച് കോൺഗ്രസ് പ്രചരിപ്പിക്കുന്നത് എല്ലാം വ്യാജമാണ്. പാർലമെന്റ് എന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. ഇവർക്ക് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചതിന് പിന്നാലെ തന്നെ കേന്ദ്രത്തിനെതിരെ കോൺഗ്രസ് അനാവശ്യ വിവാദങ്ങൾ ഉയർത്തിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയും വലിയ കടന്നാക്രമണമാണ് കോൺഗ്രസ് നടത്തിയത്. ഇതിന്റെയെല്ലാം തുടർച്ചയായിരുന്നു ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം. പ്രൗഢ ഗംഭീരമായി ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നു.
Discussion about this post