കൊച്ചി: രാജ്യതലസ്ഥാനത്ത് ഗുസ്തിതാരങ്ങളുടെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഗുതി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയാണ് ഗുസ്തി താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ ആര്യ ലാൽ എഴുതിയ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
രാജ്യത്തിനെതിരെയുള്ള ഗുസ്തി
രാജ്യത്തിനു വേണ്ടിയുള്ള ഗുസ്തി രാജ്യത്തിനെതിരെയുള്ള ഗുസ്തിയായി പരിണമിക്കുന്ന കാഴ്ചയാണ് ജന്തർ മന്തറിലേത്.
‘രാജ്യത്തിന്റെ യശസ്സുയർത്തിയ ഗുസ്തി താരങ്ങൾക്ക് നീതി നിഷേധിക്കുന്നു’ എന്നതാണ് പുതിയ മുറവിളി ശബ്ദം. സ്വർണ്ണ മെഡൽ വാങ്ങിയ ഫയൽവാന് യശസ്സും ആരോഗ്യവും സമ്പത്തും ഏറെയുണ്ടായേക്കാം പക്ഷെ നീതിയെ മല്പിടുത്തത്തിലൂടെ കീഴടക്കാം എന്നത് അനീതിയല്ലാതെ മറ്റൊന്നുമല്ല.നീതിയുടെ വിതരണത്തിൽ പക്ഷപാതം ഉണ്ടായിക്കൂടാ. രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാൻ കഴിയാതെ മരിച്ചു പോകുന്ന നിസ്വന്റെ മാടത്തിലും നീതി വിരുന്നു ചെല്ലുന്ന ദിവസമാണ് രാജ്യത്തിന്റെ ഉത്സവം.
പ്രത്യക്ഷത്തിൽ അവിശ്വസനീയമായ ഒരാരോപണമാണ് ഗുസ്തി താരങ്ങളുടേത്. ഏകപക്ഷീയമായ ഒരിഷ്ടത്തിന്റെ കടന്നാക്രമണമായിരുന്നു ബ്രിജ് ഭൂഷൺ ന്റെ രതിയുദ്ധങ്ങളെങ്കിൽ അതിനെ പ്രതിരോധിക്കാൻ , അയാളെക്കാൾ കരുത്തരെ മലർത്തിയടിച്ച ട്രോഫികൾ ഏറ്റുവാങ്ങിയ കൈകൾക്ക് കരുത്തുണ്ടാവണം. തല്ലാനുള്ള കൈകൾ തന്നെയാണ് തലോടാനുമുപകരിക്കുന്നത്. ആ സമയത്ത് ആ കൈകൾ എന്തു ചെയ്തു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.
അധികാരത്തിന്റെ ശക്തി പ്രലോഭനത്തിലൂടെ ഭീഷണിയിലൂടെ വഴക്കിയെടുത്ത് കിടക്കയിലിട്ടതാണെങ്കിൽ അവിടെ നിന്നെഴുന്നേറ്റിട്ടും, ഇന്ന് ശബ്ദിക്കുന്ന നാവുകൾ ഇത്ര നാളും നിശബ്ദമായിപ്പോയതെന്താണ് ? അധികാരത്തെ ഭയന്നാണെങ്കിൽ അധികാരത്തിന്റെ അന്നത്തെ തുലാസ് ഇന്നും അങ്ങനെ തന്നെ നില്ക്കുന്നുണ്ട്.
ചില താരങ്ങൾ ഗോദയിൽ മാത്രമല്ല അവരുടെ പ്രസ്താവന കൊണ്ടും മലക്കം മറിയാൻ മിടുക്കരാണ്. എനിക്ക് പിതാവിനു തുല്യനാണ് എന്നു പറഞ്ഞ അതേ നാവു കൊണ്ട് അതിനു മുന്നു വർഷങ്ങൾക്കു മുന്നേ ‘കിടപ്പു’ തുടങ്ങിയെന്ന് പറയുന്നതിലെ അന്തസ്സില്ലായ്മ അമ്പരിപ്പിക്കുന്നതാണ്. അത്തരം അന്തസ്സിലായ്മയ്ക്ക് ബ്രിജ് ഭൂഷൺ മാത്രമല്ല ഉമ്മൻ ചാണ്ടി പോലും വിധേയനാണ്. എനിക്ക് പിതൃ തുല്യനാണെന്നു പറഞ്ഞ ‘സാവിത്രി’യാണ് അയാൾ ‘മുട്ടുകുത്തി നിന്ന് നാക്കു നീട്ടിയ’ അപരാധം പറഞ്ഞു പരത്തിയത്. ചില വാക്കുകൾ അവയുടെ അന്തസ്സിലായ്മയെ ചുമന്ന് നടന്ന് അവിശ്വസനീയമാകാൻ വിധിക്കപ്പെട്ടതാണ്.
ഗുസ്തിക്കാരോട് തെറ്റു ചെയ്‌തെങ്കിൽത്തന്നെയത് ബ്രിജ് ഭൂഷണും സംഘവുമാണ് രാജ്യമല്ല. രാജ്യം അതിന്റെ ചുരുക്കം സന്തോഷങ്ങളിലൊന്ന് ആഘോഷിച്ച ദിവസമായിരുന്നു മെയ് ഇരുപത്തിയെട്ട്. മര്യാദകെട്ട് അന്ന് സമരം ശക്തമാക്കി രാജ്യത്തെ ഗുസ്തിക്ക് ക്ഷണിക്കുകയാണവർ ചെയ്തത്. രാജ്യത്തിനോട് മല്ലയുദ്ധം ചെയ്യാനുള്ള കരുത്ത് ഭാഗ്യവശാൽ ഒരു ഗുസ്തിക്കാർക്കുമില്ല. രാജ്യം ഒരു വെങ്കലത്തിലും രണ്ടു സ്വർണ്ണത്തിലുമല്ല അതിന്റെ അഭിമാനത്തെ സൂക്ഷിച്ചിരിക്കുന്നത്.
ഒരു ശരീരത്തെ പരിശീലിപ്പിച്ച് ഗോദയിൽ വിജയിപ്പിക്കാൻ രാജ്യത്തിന്റെ മുതൽ മുടക്ക് ചിലപ്പോഴെങ്കിലും യാദൃശ്ചികമായി സംഭവിക്കുന്ന വിജയങ്ങളുടെ വിലയ്ക്കും മുകളിലാണ്. മെഡൽ ഗംഗയിൽ വലിച്ചെറിയാനുള്ള തീരുമാനം അത്യന്തം നിന്ദാപരവും അഹന്ത നിറഞ്ഞതുമാണ്. മുൻപ് കുറെ അല്പൻമാർ അവാർഡ് തിരിച്ചു കൊടുത്തിട്ട് ഇടിഞ്ഞു വീഴാത്ത ആകാശത്തെ രണ്ടു വെങ്കലവും വെള്ളിയും ഉലയ്ക്കുകയില്ല.
‘വിദഗ്ധ സമിതിയിലും സുപ്രീം കോടതിയിലും വിശ്വാസമില്ല’ എന്നു പ്രസ്താവിച്ചിട്ട് ടിക്കായത്തുകളുടെ ‘ഖാപ്പ് പഞ്ചായത്തി’ന്റെ നീതി പ്രതീക്ഷിക്കുന്നതു കണ്ടപ്പോളാണ് ഈ ഗുസ്തി രാജ്യത്തിനു വേണ്ടിയല്ല രാജ്യത്തിനെതിരെയാണെന്ന് ബോധ്യം വരുന്നത്. വാക്കിന്റെ ശക്തിക്ക് വഞ്ചകരുടെ നാവിന്റെ ബലം തേടരുത്. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കരുത്. ‘ലക്ഷ്യം അല്ല മാർഗം തന്നെയാണ് പ്രധാനം’ എന്നു പഠിപ്പിച്ച ആൾ തന്നെയാണ് ഇപ്പോഴും നമ്മുടെ രാഷ്ട്ര പിതാവ്.
ബ്രിജ് ഭൂഷന്റെ പീഢനം കിടക്കയിൽ കിതച്ചൊടുങ്ങിയ ,മെഡൽ കിട്ടാതെ പോയ ഒരു ‘മദനഗുസ്തി’യായി തരം താഴുന്നത് കാണാൻ ഇടവരാതിരിക്കട്ടെ.
രാജ്യം മുഴുവൻ വൃത്തിയാക്കാൻ’ സ്വച്ഛ് ഭാരത്’ എന്നു പറഞ്ഞു ചൂലെടുക്കുന്ന പ്രധാനമന്ത്രി മൂക്കിനു താഴെ ഈ നായ്ക്കാട്ടങ്ങൾ( ഭൂഷനായാലും ഗുസ്തിക്കാരായാലും) ഇട്ട് ചവിട്ടിത്തേയ്ക്കുന്നത് നോക്കി നിൽക്കുന്നത് നല്ലതല്ല. സമയത്തെക്കുറിച്ച് അങ്ങയെ ഓർമിപ്പിക്കേണ്ടതില്ല, എങ്കിലും കോരി കുപ്പയിൽ കളയാനുള്ള സമയം കഴിഞ്ഞു … സർ
Discussion about this post