കോട്ടയം; കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ പിടികൂടി. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ കെ.കെ. സോമനെ 10,000 രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് പിടികൂടിയത്.കോട്ടയം ജില്ലയിലെ ഒരു വാണിജ്യ സ്ഥാപനത്തിനായി പണി ഏറ്റെടുത്തിട്ടുള്ള കരാറുകാരനായ പരാതിക്കാരൻ സമർപ്പിച്ചിരുന്ന ഇലക്ട്രിക്കൽ ഡ്രോയിംഗ് അപ്രൂവൽ ചെയ്യുന്നതിന് സ്ഥലപരിശോധനക്ക് പോയ സമയത്ത് സോമൻ പരാതിക്കാരനിൽ നിന്നും 10,000 കൈക്കൂലി വാങ്ങിയിരുന്നു.
തുടർന്ന് ഡ്രോയിംഗ് അപ്രൂവൽ ചെയ്യുന്നതിനുവേണ്ടി വീണ്ടും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം കോട്ടയം കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു.ബുധനാഴ്ച രാവിലെ ഓഫീസിൽവെച്ച് ഇയാളിൽനിന്നും പണം വാങ്ങി പേഴ്സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥരെത്തി സോമനെ പിടികൂടിയത്. കോട്ടയം വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
നേരിട്ട് പണം വാങ്ങുന്നതിന് പുറമേ ഗൂഗിൾ പേ വഴി മാത്രം 2,85,000 രൂപ ഇയാൾ പല കോൺട്രാക്ടർമാരിൽ നിന്ന് വാങ്ങി. തിരുവല്ല നിരണത്ത് ആഡംബര വീടും ഇയാൾ അടുത്തിടെ വെച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരത്ത് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറായി കെ കെ സോമന് സർക്കാർ സ്ഥാനക്കയറ്റം നൽകിയിരുന്നു. കോട്ടയത്ത് നിന്ന് വിടുതൽ വാങ്ങി പോകേണ്ട അവസാന ദിവസമാണ് കൈക്കൂലി വാങ്ങുന്നതിന് ഈ ഉന്നത ഉദ്യോഗസ്ഥൻ പിടിയിലാകുന്നത്.
Discussion about this post