തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇനി മുതൽ വേനലവധി ഏപ്രിൽ ആറ് മുതൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വാർഷിക അധ്യയന ദിവസങ്ങൾ 210 ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം വരുത്തുന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി. ക്ലാസുകൾ തുറക്കുന്നത് ജൂൺ ഒന്നിന് തന്നെ ആയിരിക്കും. അദ്ധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഈയാഴ്ച തന്നെ വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്നും മന്ത്രി വ്യക്തമാക്കി.
അദ്ധ്യാപകരുടെ കുറവ് ഉണ്ടെങ്കിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട്. പ്ലാൻ ഫണ്ടും ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവിൽ 1300ഓളം സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കാൻ സാധിച്ചു. മുഴുവൻ പ്രൈമറി അപ്പർ പ്രൈമറി സ്‌കൂളുകളിലും കംപ്യൂട്ടർ ലാബ് സൗകര്യം ഒരുക്കി.
ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കി. കുട്ടികൾ ഓരോ പ്രായത്തിലും നേടണമെന്ന് പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ നേടിയെന്ന് ഉറപ്പാക്കാൻ കഴിയണം. അദ്ധ്യാപകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.
Discussion about this post