വടക്കൻ മലബാറിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളാണ് ഇക്കരെ കൊട്ടിയൂർ, അക്കരെ കൊട്ടിയൂർ എന്നിവ. ബാവലി നദി വേർതിരിക്കുന്ന ഈ രണ്ട് ക്ഷേത്രങ്ങൾക്കും സാംസ്കാരികവും ഭക്തിപരവുമായ പ്രാധാന്യങ്ങൾ ഏറെയാണ്. ഇക്കരെ കൊട്ടിയൂർ എല്ലാദിവസവും പൂജയുള്ള ക്ഷേത്രമല്ല. വൈശാഖമഹോത്സവമാണ് ഇവിടെ പ്രധാനം. വൈശാഖമാസത്തിലെ ചോതി നാളിൽ മണിത്തറയിൽ ചോതി വിളക്ക് തെളിയുന്നതോടെ സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം ആരംഭിക്കും. ഈ ചടങ്ങോടെയാണ് ഉത്സവം ആരംഭിക്കുക.
ഇന്നാണ് നെയ്യാട്ടം. ഇതുനുള്ള നെയ്യമൃതുമായി വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ജന്മസ്ഥാനികരായ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും കലശ പാത്രങ്ങളും, വിവിധ മഠങ്ങളിൽ നിന്നെത്തിയ വ്രതക്കാരുടെ നെയ്ക്കിണ്ടികളും ഇന്നലെ തന്നെ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ചു.വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നുള്ള വാൾ എഴുന്നളളത്ത് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തും. എടയാർ മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരിയാണ് വാൾ എഴുന്നള്ളിക്കുന്നത്. മുതിരേരിയിൽ നിന്നും 20 കിലോമീറ്ററോളം ദൂരം ഒറ്റയ്ക്ക് കാൽനടയായാണ് വാൾ എഴുന്നള്ളിക്കുന്നത്.
പടിഞ്ഞിറ്റി നമ്പൂതിരി അക്കരെ കടന്ന് ചാതിയൂരിൽ നിന്ന് എത്തിയ തീ ഉപയോഗിച്ച് മണിത്തറയിൽ മൺതാലങ്ങളിൽ ചോതി വിളക്ക് തെളിയിക്കും. തുടർന്ന് നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. മുഖമണ്ഡപത്തിൽ പടിഞ്ഞിറ്റയുടെ മുഖ്യ കാർമ്മികത്വത്തിൽ ബ്രാഹ്മണ സ്ഥാനികർ ചോതിപുണ്യാഹം നടത്തും. ഇത്തരത്തിലാണ് ഇക്കരെ കൊട്ടിയൂരിൽ വൈശാഖമഹോത്സവച്ചടങ്ങുകൾ ആരംഭിക്കുക. കാടിന് നാടുവിലായാണ് ക്ഷേത്രം.
നെയ്യാട്ടം നടക്കുമ്പോൾ ആദ്യം വില്ലിപ്പാലൻ കുറുപ്പിന്റെയും തുടർന്ന് തമ്മേങ്ങാടൻ നമ്പ്യാരുടെയും കലശപ്പാത്രങ്ങൾ തുറന്ന് അഭിഷേകം നടത്തും. തുടർന്ന് ക്രമം അനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നുള്ള വ്രതക്കാർ സമർപ്പിച്ച നെയ്യ് അഭിഷേകം ചെയ്യും. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. പ്രധാന ദിനമായ വിശാഖം നാളിൽ പ്രത്യേക പൂജകളും ചടങ്ങുകളും ഉണ്ടാകും. ഓടപ്പൂവാണ് ഇവിടെ വിശേഷാൽ പ്രസാദമായി കണക്കാക്കപ്പെടുന്നത്.
.
Discussion about this post