സോൾ : ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ഉറക്കമില്ലായ്മയും മദ്യത്തോടുള്ള ആസക്തിയും മൂലം ആരോഗ്യം മോശപ്പെട്ടുവരികയാണെന്ന് ദക്ഷിണ കൊറിയൻ ചാര ഏജൻസി റിപ്പോർട്ട് ചെയ്തു. ഉറക്കമില്ലായ്മ മറികടക്കാനുള്ള മരുന്നുകൾ ഉത്തര കൊറിയ വിദേശത്ത് നിന്ന് ശേഖരിക്കുന്നുണ്ട്. മുതിർന്ന് ഉദ്യോഗസ്ഥർക്ക് വേണ്ടിയെന്ന് പറഞ്ഞാണ് മരുന്നുകൾ ശേഖരിക്കുന്നത്.
ദക്ഷിണ കൊറിയയിലെ ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടിയുടെ നിയമനിർമ്മാതാവും പാർലമെന്ററി ഇന്റലിജൻസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായ യൂ സാങ്-ബം നാഷണൽ ഇന്റലിജൻസ് സർവീസിന്റെ റിപ്പോർട്ട് പുറത്തുവിട്ടു. മാർൽബോറോ, ഡൺഹിൽ ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ സിഗരറ്റുകളും പരമ്പരാഗതമായി മദ്യത്തോടൊപ്പം വിളമ്പുന്ന ഉയർന്ന ലഘുഭക്ഷണങ്ങളും ഉത്തര കൊറിയ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിമ്മിന് അടുത്തിടെയായി ഭാരം വർദ്ധിച്ച് 140 കിലോയോളം എത്തിയിട്ടുണ്ടെന്നും യൂ ആരോപിച്ചു. കിമ്മിന് ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും അമിതമായി മദ്യത്തെയും സിഗരറ്റിനെയും ആശ്രയിക്കേണ്ടി വരുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മെയ് 16 ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കിമ്മിന്റെ കണ്ണിന് ചുറ്റും കറുത്ത പാടുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഉറക്കമില്ലായ്മയുടെ ചികിത്സയ്ക്കായി സോൾപിഡെം പോലുള്ള മരുന്നുകളും കിം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കിം അധികാരമേറ്റതിന് ശേഷം രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉത്തരകൊറിയക്കാരുടെ അവസ്ഥ വഷളാക്കിയിട്ടുണ്ടെന്ന് യൂ അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങൾ, ആത്മഹത്യകൾ, പട്ടിണി കിടന്നുളള മരണങ്ങൾ എന്നിവയും രാജ്യത്ത് വർദ്ധിച്ചതായി ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
Discussion about this post