ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിന് പിന്നാലെ ആയുധങ്ങൾ ഹാജരാക്കി മണിപ്പൂരിലെ കലാപകാരികൾ. തോക്ക് ഉൾപ്പെടെ 140 ആയുധങ്ങളാണ് കലാപകാരികൾ പോലീസിന് മുൻപാകെ ഹാജരാക്കിയത്. കലാപത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാനത്തെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് കലാപകാരികൾക്ക് മുന്നറിയിപ്പ് നൽകിയത്.
സൈനിക കേന്ദ്രങ്ങളിൽ നിന്നും പോലീസ് സ്‌റ്റേഷനുകളിൽ നിന്നെല്ലാം കൊള്ളയടിച്ച ആയുധങ്ങളാണ് കലാപകാരികൾ ഉപയോഗിക്കുന്നത്. ഇത് സംസ്ഥാനത്ത് ക്രമസമാധാന നില പു:നസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അമിത് ഷാ രംഗത്ത് എത്തിയത്. കലാപകാരികൾ എത്രയും വേഗം ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കണം എന്നും, അല്ലാത്ത പക്ഷം പോലീസ് വീടുകളിൽ എത്തി പരിശോധന നടത്തുമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയാകും നേരിടേണ്ടിവരികയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയായിരുന്നു കലാപകാരികൾ ആയുധങ്ങളുമായി പോലീസ് സ്‌റ്റേഷനിൽ എത്തിയത്.
സെൽഫ് ലോഡിംഗ് റൈഫിൾ, ആർഎസ്29, കാർബൈൻ, എ.കെ 47, ഐഎൻഎസ്എഎസ് റൈഫിൾ, എഎൻഎസ്എഎസ് ലൈറ്റ് മെഷീൻ ഗണ്ണുകൾ എന്നിവയാണ് ആളുകൾ ഹാജരാക്കിയവയിൽ ഉൾപ്പെട്ടിട്ടുള്ളത്. അടുത്ത ദിവസം കൂടുതൽ ആയുധങ്ങൾ എത്തുമെന്നാണ് കരുതുന്നത്.
അതേസമയം നാല് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയായിരുന്നു അമിത് ഷാ മണിപ്പൂരിൽ എത്തിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി . സംഭവത്തിൽ അന്വേഷണം നടത്താൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയ്ക്കും രൂപം നൽകിയിട്ടുണ്ട്.
ഒരു മാസമായി ഇരു ഗോത്രവിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ 98 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് കലാപത്തിൽ അനാഥരായത്.
Discussion about this post