ഒരു അഭിനേതാവാകാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഐശ്വര്യലക്ഷ്മി. എന്റെ കുടുംബം വിദ്യാഭ്യാസത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സമൂഹത്തിൽ നല്ല വിലയുള്ള ഒരു കരിയറായിരുന്നു വീട്ടുകാരുടെ ലക്ഷ്യം.അഭിനയം അത്തരത്തിലൊന്നാണെന്ന് അവർ കരുതുന്നില്ല, ഇപ്പോഴും അതിൽ മാറ്റമില്ലെന്നും ഐശ്വര്യ ലക്ഷ്‌മി കൂട്ടിച്ചേർത്തു. ഞാൻ ഒരു ഡോക്‌ടറാണ്, എംബിബിഎസ് പൂർത്തിയാക്കി, പിന്നീട് അഭിനയിക്കാൻ തുടങ്ങി.
മാദ്ധ്യമ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ-2 ആണ് ഐശ്വര്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.സ്ത്രീകളെ മാത്രം കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള കഥകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. കോൺക്ലേവിൽ മഹേഷ്നാരായണനോടൊപ്പമായിരുന്നു ഐശ്വര്യയുടെ ചർച്ച.
സിനിമ സ്ത്രീ-പുരുഷ കഥാപാത്രങ്ങളാൽ സന്തുലിതം ആയിരിക്കണം എന്നാണ് കരുതുന്നത്. സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന കഥകളിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം സ്ത്രീകളായ നമ്മുടെ ജീവിതത്തിൽ പുരുഷനും സ്ത്രീയും എല്ലാവരും ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിനിമയും സമൂഹത്തിന്റെയും നമ്മുടെ ജീവിതത്തിന്റെയും പ്രതിഫലനമാണ്. നമ്മുടെ ജീവിതത്തിലും ബിഗ് സ്‌ക്രീനിലും സന്തുലിതാവസ്ഥ കൈവരിക്കണമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Discussion about this post