ഭുവനേശ്വർ : ഒഡീഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് ഇന്ന് രാജ്യം. പത്ത് വർഷത്തിനിടെ ആദ്യമായിട്ടാണ് രാജ്യത്ത് ഇങ്ങനെയൊരു ദുരന്തമുണ്ടാകുന്നത്. വെളളിയാഴ്ച വൈകുന്നേരം ചെന്നൈക്ക് വരികയായിരുന്ന കോറമാൻഡൽ എക്‌സ്പ്രസ് പാളം തെറ്റി ചില ബോഗികൾ അടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു.
യശ്വന്ത്പൂർ ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റിയ കോറമാൻഡലിന്റെ ബോഗികളിൽ ഇടിച്ചതോടെ ആ ട്രെയിനും പാളം തെറ്റി. തുടർന്ന് മൂന്നാമത്തെ ട്രാക്കിൽ വന്ന ഗുഡ്‌സ് ട്രെയിനും പാളം തെറ്റിയ ബോഗികളിൽ ഇടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒറ്റ രാത്രികൊണ്ട് 261 പേർക്ക് ജീവൻ നഷ്ടമായി. ആയിരക്കണക്കിന് ആളുകൾ പരിക്കേറ്റു. മരണസംഖ്യ ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
കോറമാൻഡൽ എക്‌സ്പ്രസ് അപകടത്തിൽ പെട്ടപ്പോൾ രാജ്യം ഓർമ്മിച്ചത് 2009 ലെ ആ ദുരന്തകഥയാണ്. ഒരു വെള്ളിയാഴ്ച ദിവസം നടന്ന ദുരന്തത്തിന്റെ ഓർമ്മകൾ ഇന്നും പലരിലും അവശേഷിക്കുന്നുണ്ട്. 2009 ലെ ഫെബ്രുവരി 13, ഒരു വെള്ളിയാഴ്ച ദിവസമാണ് ആദ്യമായി കോറമാൻഡൽ എക്‌സ്പ്രസ് അപകടത്തിൽ പെടുന്നത്. 7.30നും 7.40-നും ഇടയിലായിരുന്നു ആ ദുരന്തം നടന്നത്. ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷൻ കടന്ന് ട്രെയിൻ അതിവേഗത്തിൽ ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. ബോഗികൾ പലയിടങ്ങളിലേക്ക് തെറിച്ചുവീണു. ട്രെയിനിന്റെ എഞ്ചിൻ മറിഞ്ഞു. അന്ന് അപകടത്തിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്.
ഇന്നലെ വൈകുന്നേരം ഒഡീഷയിൽ അപകടമുണ്ടായി എന്ന വാർത്ത കേട്ടപ്പോൾ പലരുടേയും മനസ്സിലേക്ക് ഓടിയെത്തിയത് 2009 ലെ അപകടവാർത്ത തന്നെയായിരുന്നു. 14 വർഷങ്ങൾക്ക് ശേഷം വീണ്ടും അതേ ട്രെയിൻ അപകടത്തിൽ പെട്ടു. രണ്ടും പാളം തെറ്റിയുണ്ടായി അപകടങ്ങൾ.
Discussion about this post