മലപ്പുറം: പെരിന്തൽമണ്ണയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.
കരിങ്കല്ലത്താണി പെട്രോൾ പമ്പിന് സമീപം വാടക വീട്ടിൽ താമസിച്ചുവരികയാണ് സുരേഷ് കുമാർ. ഈ വീടിന് സമീപമാണ് ഇയാൾ കഞ്ചാവ് ചെടിവളർത്തിയത്. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ വേണ്ടിയാണ് വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ടതെന്നാണ് ഇയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
പെരിന്തൽമണ്ണ സിഐ പ്രേം ജിത്തിന്റെയും എസ്‌ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള സംഘമാണ് വീട്ടിലെത്തി സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 125 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ കഞ്ചാവ് വിൽപ്പനക്കാരനാണെന്നാണ് പോലീസ് പറയുന്നത്. കഞ്ചാവ് കൈവശം സൂക്ഷിച്ച സംഭവത്തിൽ ഇയാൾക്കെതിരെ നിലമ്പൂർ പോലീസും കേസ് രജിസ്റ്റർ ചെയതിട്ടുണ്ട്.












