തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിച്ചേക്കും. കാലവർഷം ഇന്ന് കേരളത്തിൽ എത്തിച്ചേരാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപം കൊള്ളും. 48 മണിക്കൂറിനുള്ളിൽ അത് ന്യൂനമർദ്ദമാകാൻ സാദ്ധ്യതയുണ്ട്. ഇന്ന് കാലവർഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
പസഫിക്ക് സമുദ്രത്തിലേയും ഇന്ത്യൻ മഹാസമുദ്രത്തിലേയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം കാലവർഷമെത്തുന്നത് വൈകിപ്പിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മെയ് 26ന് ശ്രീലങ്കൻ തീരത്ത് എത്തേണ്ടിയിരുന്ന കാലവർഷം ഏഴ് ദിവസം വൈകി ജൂൺ രണ്ടിനാണ് കര തൊട്ടത്. നിലവിൽ ലക്ഷദ്വീപ്, കോമോറിൻ തീരത്തായുള്ള കാലവർഷത്തിന് കേരളാതീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമാണ്. തെക്കൻ കേരളത്തിലാകും ആദ്യം മഴ കിട്ടുന്നത്. ഈയാഴ്ച ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവിൽ കേരളത്തിലെ കടൽത്തീരങ്ങൾ ഉൾപ്പെടെ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും 1.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാദ്ധ്യതയുള്ളതിനാൽ തീരപ്രദേശത്ത് ഉള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
Discussion about this post