ഇസ്ലാമാബാദ്: പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി ഉടനെയൊന്നും തീരില്ലെന്ന് ധനമന്ത്രി ഇഷാഖ് ദർ. നിലവിലെ പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ച് സാമ്പത്തിക മേഖലയെ ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിന് സമയം എടുക്കും. നിലവിലെ പ്രതിസന്ധികൾ മറി കടക്കാൻ ഒരു എളുപ്പവഴിയും ഇല്ലെന്നും ദർ പറഞ്ഞു. കറാച്ചി ചേംബർ ഫോർ കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയിലെ പ്രതിനിധികളോട് ആയിരുന്നു ദറിന്റെ പ്രതികരണം.
നിലവിൽ രാജ്യം കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എളുപ്പ മാർഗ്ഗം ഇല്ല. അതിന് സമയം ആവശ്യമാണ്. 1998 ലും 2013 ലും രാജ്യം സമാനമായ സാഹചര്യത്തിലൂടെ കടന്നു പോയിരുന്നു. എന്നാൽ അവയെല്ലാം പരിഹരിക്കാൻ രാജ്യത്തിന് കഴിഞ്ഞു. സമാനമായ രീതിയിൽ നിലവിലെ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്നും ദർ കൂട്ടിച്ചേർത്തു.
സ്റ്റോക്ക് മാർക്കറ്റിൽ രാജ്യം നിർണായ നേട്ടം കൈവരിക്കുന്നുണ്ട്. പാകിസ്താൻ അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് കഴിഞ്ഞ സർക്കാർ ഭരിക്കുമ്പോൾ കടന്ന് പോയത്. അത് അവസാനിച്ചു. വെല്ലുവിളികളെ ശരിയായി തന്നെ പാകിസ്താൻ നേരിടുമെന്നും ദർ വ്യക്തമാക്കി.
Discussion about this post