ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച രാത്രി 11 മണിയോടെ അമിത് ഷായുടെ വസതിയിൽ നടന്ന ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു. സമരം നടത്തുന്ന ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവ്രത് എന്നിവരുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.
ബ്രിജ് ഭൂഷണെതിരെ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്നും കുറ്റപത്രം വേഗം സമർപ്പിക്കണമെന്നും താരങ്ങൾ ആഭ്യന്തരമന്ത്രിയോട് അഭ്യർത്ഥിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ആരോപണങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും അമിത് ഷാ മറുപടി നൽകി.
അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടന്നതായി പ്രതിഷേധക്കാരിൽ ഒരാളായ ബജ്‌റംഗ് പൂനിയ സ്ഥിരീകരിച്ചു. അഞ്ച് ദിവസങ്ങൾക്കുളളിൽ ബ്രിജ് ഭൂഷണെതിരായ സമരത്തിൽ തീരുമാനമുണ്ടാക്കണമെന്ന് ഗുസ്തി താരങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി ശനിയാഴ്ചയാണ് അവസാനിച്ചത്. ഇതിന് മുന്നോടിയായി ആഭ്യന്തരമന്ത്രിയുമായി താരങ്ങൾ കൂടിക്കാഴ്ചയ്ക്ക് സമയം തേടുകയായിരുന്നു.
ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഉൾപ്പെടെ ഡൽഹി പോലീസ് ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും താരങ്ങൾ സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഇവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഹരിദ്വാറിൽ എത്തിയെങ്കിലും കർഷക സമരനേതാക്കളുടെ ഇടപെടലിൽ പിന്തിരിയുകയായിരുന്നു.
നേരത്തെ കായികമന്ത്രി അനുരാഗ് ഠാക്കൂറും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയും താരങ്ങളുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഇവർ പിന്നീടും പ്രതിഷേധം തുടരുകയായിരുന്നു.
Discussion about this post