ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മേധാവിക്കെതിരെ സമരം നടത്തിയിരുന്ന ഗുസ്തി താരങ്ങൾ ജോലിയിൽ തിരികെ പ്രവേശിച്ചു. റെയിൽവേ ഉദ്യോഗസ്ഥരായ സാക്ഷിമാലിക് ഉൾപ്പെടെയുളളവരാണ് ജോലിയിൽ തിരികെ ജോയിൻ ചെയ്തത്.
സമരം തുടങ്ങിയതിനൊപ്പം താരങ്ങൾ ജോലിയും ബഹിഷ്‌കരിച്ചിരുന്നു. സമരത്തിൽ നിന്ന് പിൻമാറിയതുകൊണ്ടാണോ ജോലിയിൽ തിരികെ കയറിയതെന്ന കാര്യം വ്യക്തമല്ല. പ്രതിഷേധം നടത്തുന്ന താരങ്ങൾ ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 31 ന് തന്നെ സാക്ഷി തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. ഇന്നാണ് ഓഫീസിൽ സജീവമായത്. സാക്ഷിക്ക് പിന്നാലെയാണ് മറ്റ് താരങ്ങളും ജോലിയിൽ തിരിച്ചു കയറിയത്.
ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് സാക്ഷി ഉൾപ്പെടെയുളള ചില താരങ്ങൾ ഡൽഹിയിൽ പരസ്യമായ സമരത്തിനിറങ്ങിയത്. ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി ഉൾപ്പെടെ ഉന്നയിച്ച താരങ്ങൾ ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്.
എന്നാൽ ആരോപണം വ്യാജമാണെന്നും മറ്റ് പ്രശ്‌നങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും
ബ്രിജ് ഭൂഷണും പ്രതികരിച്ചിരുന്നു. ഗുസ്തി താരങ്ങളുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാക്ഷി മാലിക്കിനൊപ്പം ബജ്‌റംഗ് പൂനിയ, വിനേഷ്
ഫോഗട്ട് തുടങ്ങിയ താരങ്ങളായിരുന്നു പ്രതിഷേധത്തിന് മുൻപിൽ നിന്നത്. നോർത്തേൺ റെയിൽവേയിലാണ് സാക്ഷി ജോലി ചെയ്യുന്നത്.
ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി വേണമെന്നും എത്രയും വേഗം അന്വേഷണം നടത്തി കുറ്റപത്രം നൽകണമെന്നുമാണ് താരങ്ങൾ അമിത് ഷായോട് ആവശ്യപ്പെട്ടത്. കുറ്റം ചെയ്താൽ ശക്തമായ നടപടിയുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നൽകി. നിയമനടപടികൾ അതിന്റെ വഴിക്ക് നടക്കുമെന്നും പക്ഷെ അതിന് സമയം വേണ്ടിവരുമെന്നും അദ്ദേഹം താരങ്ങളെ ബോധിപ്പിച്ചു.
നേരത്തെ ഇവരുമായി അനുരാഗ് ഠാക്കൂർ ഉൾപ്പെടെ ചർച്ചകൾ നടത്തിയെങ്കിലും താരങ്ങൾ ഒത്തുതീർപ്പിന് വഴങ്ങിയിരുന്നില്ല. ഇവരുടെ സമരത്തെ രാഷ്ട്രീയമായി മുതലെടുക്കാനുളള ശ്രമങ്ങളും സജീവമായിരുന്നു. ഇതിനിടയിലാണ് അമിത് ഷാ കഴിഞ്ഞ ദിവസം താരങ്ങളുമായി ചർച്ച നടത്തിയത്.
Discussion about this post