ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോൺഗ്രസ് നേതാവ് നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം ഒടുവിൽ പൊട്ടിത്തെറിയിലേക്ക്. ഗെഹ്ലോട്ടുമായി ഏറെ നാളായി ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുകയാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനമായ ജൂണ്‍ 11ന് നടത്തുന്ന റാലിയിലായിരിക്കും പ്രഖ്യാപനം. ‘പ്രഗതിശീൽ കോൺഗ്രസ്’ എന്നാണു പുതിയ പാർട്ടിയുടെ പേരെന്നാണ് വിവരം.
സച്ചിനും ഗെഹ്ലോട്ടും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പല തവണ ചർച്ചകൾ നടത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചയിൽ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നായിരുന്നു ഹൈക്കമാൻഡ് വാദം. മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിലായിരുന്നു ചർച്ച നടന്നത്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐപാക് ആണ് സച്ചിന്റെ പാർട്ടിയുടെ രൂപീകരണത്തിന് സഹായിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞമാസം ഗെഹ്ലോട്ടിനെ വെല്ലുവിളിച്ച് സച്ചിൻ നടത്തിയ അഞ്ച് ദിവസത്തെ പദയാത്രയ്ക്ക് പിന്നിലും ഏപ്രിലിൽ നടത്തിയ നിരാഹാരസമരത്തിന് പിന്നിലുമുള്ള ബുദ്ധികേന്ദ്രം ഐപാക് ആയിരുന്നു.
Discussion about this post