കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധം കനത്തതോടെ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയണമെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഹോസ്റ്റൽ ഒഴിയാനാകില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ ഉള്ളത്. പ്രതിഷേധ സമരങ്ങൾ തുടരുന്ന സാഹചര്യത്തിൽ മാനേജ്‌മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ഇന്ന് ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നു. പിന്നാലെയാണ് കോളേജ് അടച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജും ചർച്ചയിൽ പങ്കെടുക്കും. ആരോപണ വിധേയരായ അദ്ധ്യാപകരും ചർച്ചയിൽ ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെയും വിദ്യാർത്ഥി പ്രതിനിധികളുമായി മാനേജ്‌മെന്റ് ചർച്ച നടത്തിയിരുന്നെങ്കിലും കാര്യങ്ങളിൽ തീരുമാനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അദ്ധ്യാപകരെ കൂടി ഉൾപ്പെടുത്തി ഇന്ന് യോഗം ചേരാൻ തീരുമാനിച്ചത്.
കോളേജിലെ ചില അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചും, ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി എടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post