തിരുവനന്തപുരം; സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷ എഴുതാതെ പാസായെന്ന മാദ്ധ്യമ വാർത്തകൾ തള്ളി എസ്എഫ്‌ഐ. ആർഷോയെ മാദ്ധ്യമങ്ങൾ മനപ്പൂർവ്വം വേട്ടയാടുകയാണെന്നാണ് എസ്എഫ്‌ഐയുടെ വാദം. സംഭവം വലിയ വിവാദമായതോടെ പ്രസ്താവനയിലൂടെയായിരുന്നു എസ്എഫ്‌ഐ രംഗത്ത് എത്തിയത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതൽ സ. പി.എം ആർഷോക്കെതിരെ നിരന്തരമായ ആക്രമണമാണ് വലതുപക്ഷവും മാദ്ധ്യമങ്ങളും അഴിച്ചുവിടുന്നതെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. ഇവ ഓരോന്നിനെയും വസ്തുതകൾ അണിനിരത്തി എസ്.എഫ്.ഐ ചെറുത്തു തോൽപ്പിച്ചതുമാണ്. ഇനിയും കലി തീരാത്ത മാദ്ധ്യമങ്ങളും വലതുപക്ഷവും പുതുതായി ഉയർത്തിയ ആരോപണവും കെട്ടിച്ചമച്ചതാണ്. എറണാകുളം മഹാരാജാസ് കോളേജിൽ എം.എ ആർക്കിയോളജി വിദ്യാർത്ഥിയായ സഖാവ് പി.എം ആർഷോ എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷ വിജയിച്ചു എന്ന പുതിയ പ്രചരണം വസ്തുതാ വിരുദ്ധമാണ്.
പരീക്ഷാ റിസൾട്ട് ഓൺലൈനായി പ്രസിദ്ധീകരിച്ചതിൽ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ നേതാവിന് എഴുതാത്ത പരീക്ഷയ്ക്ക് വിജയം എന്ന് വലതുപക്ഷവും അവർക്ക് ചൂട്ട്പിടിക്കുന്ന മാദ്ധ്യമങ്ങളും കൊട്ടിഘോഷിക്കുന്നത്. പരീക്ഷയിലെ മാർക്കിന്റെ സ്ഥാനത്ത് പൂജ്യമെന്ന് രേഖപ്പെടുത്തിയും, ടോട്ടൽ ക്രെഡിറ്റ് പോയന്റ്, സെമസ്റ്റർ ക്രെഡിറ്റ് പോയന്റ് ആവറേജ്, സെം ഗ്രേഡ് എന്നിവ രേഖപ്പെടുത്താതെയും കൃത്യമായി തന്നെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ സാങ്കേതികപ്പിഴവ്മൂലം ‘പാസ്ഡ്’ എന്ന് രേഖപ്പെടുത്തിയതാണ് ഇക്കൂട്ടർ ഉയർത്തിക്കാണിക്കുന്നത്. ലോകത്ത് ഒരു പരീക്ഷയിലും പരീക്ഷ എഴുതാതെ പൂജ്യം മാർക്ക് ലഭിച്ച ഒരാൾ പാസ് ആകില്ല എന്ന കാര്യം എല്ലാവർക്കുമറിയാം.
കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഫോർമേഷൻ സെന്ററാണ്(nic) മഹാരാജാസ് കോളേജിലെ പരീക്ഷാ ഫലങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കാറുള്ളത്. എൻഐസിക്ക് പറ്റിയ സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കോളേജ് പ്രിൻസിപ്പാൾ തന്നെ വിശദീകരിച്ചിട്ട് പോലും വാർത്ത പിൻവലിക്കുന്നതിനോ ശരിയായ വാർത്ത നൽകുന്നതിനോ ഇതുവരെ മാദ്ധ്യമങ്ങൾ തയ്യാറായിട്ടില്ല. ഇതിൽനിന്ന് തന്നെ ഇവരുടെ ലക്ഷ്യം എസ്.എഫ്.ഐയെ വ്യാജവാർത്ത നൽകി തകർക്കുകയാണ് എന്നുള്ളത് വ്യക്തമാണ്.
കെ.എസ്.യുവിന്റെ ഏതെങ്കിലും യൂണിറ്റ് നേതാവ് നൽകുന്ന ബൈറ്റ് പൊക്കിപ്പിടിച്ച് സംസ്ഥാന വ്യാപകമായി വ്യാജവാർത്ത നൽകുന്ന മാദ്ധ്യമ പ്രവർത്തകർ ജേർണലിസം കോഴ്‌സ് ചെയ്തിരുന്ന കാലത്ത് പഠിച്ച പുസ്തകങ്ങൾ ഒരിക്കൽകൂടി പൊടിതട്ടിയെടുത്ത് മാദ്ധ്യമങ്ങളുടെ ധാർമികത എന്ന പാഠഭാഗം വായിച്ചു നോക്കുന്നത് നന്നാകും. സഖാവ് പി.എം ആർഷോക്കെതിരെ മാദ്ധ്യമങ്ങൾ ഉയർത്തുന്ന വ്യാജ ആരോപണങ്ങളെ വസ്തുതാപരമായി പരിശോധിച്ച് സത്യം മനസ്സിലാക്കാൻ കേരളത്തിലെ വിദ്യാർത്ഥികളും പൊതുസമൂഹവും തയ്യാറാവണം. എസ്.എഫ്.ഐ നേതാക്കളെ വ്യക്തിപരമായി ലക്ഷ്യംവെച്ച് വലതുപക്ഷ – മാദ്ധ്യമ നെക്‌സസ് നടത്തുന്ന ആക്രമണങ്ങളെ വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും അണിനിരത്തി സംഘടന ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
Discussion about this post