തെന്നിന്ത്യൻ താരം ചിയാൻ വിക്രമിനൊപ്പം മീര എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് നടി ഐശ്വര്യ ഭാസ്‌കർ. സിനിമയിൽ വിക്രമിനൊപ്പം ചെയ്ത ഒരു ചുംബന രംഗത്തെക്കുറിച്ചാണ് താരം പറഞ്ഞത്. നടനോട് പ്രണയമല്ല തോന്നിയത്, പകരം ഛർദ്ദിക്കാനാണ് തോന്നിയതെന്ന് അഭിമുഖത്തിൽ നടി പറയുന്നു. ശ്രീറാം സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രമാണ് മീര.
”സിനിമയിലെ ആ ചുംബനരംഗം ക്രൂരമായ ഒന്നായാണ് തോന്നിയത്. അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ല. വീനസ് സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. ടെക്നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തിൽ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു” ഐശ്വര്യ പറഞ്ഞു.
”ചുംബനരംഗം അഭിനയിക്കുമ്പോൾ എന്റെ വായ്ക്കുള്ളിലെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലും വെള്ളം കയറുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോൾ പ്രണയമല്ല തോന്നിയത്, ഛർദ്ദിക്കാനാണ് വന്നത്. എങ്ങനെയോ ആ സീൻ എടുത്തു തീർക്കുകയായിരുന്നു” ഐശ്വര്യ പറയുന്നു.
”ആ സമയത്ത് ഞാനും വിക്രമും തമ്മിൽ ഭയങ്കര വഴക്കായിരുന്നു. തുടക്കത്തിൽ ഞങ്ങൾ നല്ല അടിയായിരുന്നു. രണ്ടു ദിവസത്തെ ഷൂട്ടിംഗിന് ശേഷമാണ് പതിയെ സംസാരിച്ചു തുടങ്ങിയത്. പിന്നീട് നല്ല സുഹൃത്തുക്കളായി” ഐശ്വര്യ കൂട്ടിച്ചേർത്തു.
Discussion about this post