ബലാസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സിബിഐ ഉദ്യോഗസ്ഥർ ഇന്ന് അപകടസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അപകടത്തിന് പിന്നാലെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പുതുക്കി രജിസ്റ്റർ ചെയ്യുകയായിരുന്നു.
റെയിൽവേ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സിബിഐ സംഘം കേസ് അന്വേഷിക്കുക. കോറമണ്ഡൽ എക്‌സ്പ്രസ് പാളം തെറ്റാനുണ്ടായ സാഹചര്യം ആസൂത്രിതമാണോയെന്നും മനുഷ്യ പിഴവാണോയെന്നും ഉൾപ്പെടെയുളള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും.
അപകടത്തിൽ അട്ടിമറി ഉണ്ടായിട്ടുണ്ടോയെന്നാകും ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുക. പത്തംഗ സിബിഐ സംഘമാണ് അന്വേഷിക്കുക. വെളളിയാഴ്ച വൈകിട്ട് 6.55 നാണ് ബലാസോറിന് സമീപം മൂന്ന് ട്രെയിനുകൾ അപകടത്തിൽ പെടുന്നത്. 278 പേർ മരിച്ചുവെന്നാണ് കണക്കുകൾ. എണ്ണൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മെയിൻ ലൈൻ ക്ലിയർ ആയി കിടന്നിട്ടും ലൂപ്പ് ലൈനിൽ കിടന്ന ചരക്ക് തീവണ്ടിയിലേക്ക് ഷാലിമാർ – ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ ബോഗികൾ മറിഞ്ഞ് അടുത്ത ട്രാക്കിലേക്ക് വീണതോടെ ഇതുവഴി എതിർദിശയിലേക്ക് പോകുകയായിരുന്ന ബംഗലൂരു- ഹൗറ എക്‌സ്പ്രസും അപകടത്തിൽപെടുകയായിരുന്നു.
Discussion about this post