തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളിൽ നിന്ന് 125.83 കോടി കണ്ടുകെട്ടാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. 300 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെങ്കിലും നിലവിൽ 125.83 കോടി രൂപ മാത്രമാണ് കണ്ടുകെട്ടുന്നത്. അപ്പോൾ ബാക്കി 175 കോടി രൂപയ്ക്ക് കണക്കില്ലേ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
മൂന്ന് സീനിയർ ഓഡിറ്റർമാർ ചേർന്ന് രണ്ട് വർഷമെടുത്ത് തയ്യാറാക്കിയ റിപ്പോർട്ടിലാണ് 300 കോടിയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. എന്നാൽ പ്രത്യക്ഷ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് അധികാരികൾ പ്രതികൾക്ക് മേലുള്ള ബാധ്യത 125 കോടിയായി ചുരുക്കുകയാണ്. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് ആരോപണങ്ങളും ഉയരുന്നുണ്ട്.
കരുവന്നൂരിൽ 2014 മുതൽ രണ്ട് ഭരണസമിതികളുടെ നേതൃത്വത്തിൽ വൻ തോതിൽ വായ്പാ നിക്ഷേപ തട്ടിപ്പുകൾ നടത്തിയിരുന്നതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും മാത്രമേ പ്രതിചേർത്തിട്ടുള്ളൂ. ഇതിലും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നു.
24 പേരിൽ നിന്നാണ് 125.83 കോടി കണ്ടെടുക്കുന്നത്. 35.65 കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ കമ്മീഷൻ ഏജന്റ് ബിജോയ് അടയ്‌ക്കേണ്ടത് 20.72 ലക്ഷം മാത്രമാണ്. മാനേജർ ബിജു കരീം 25.84 കോടി തട്ടിയെങ്കിലും തിരിച്ചടയ്‌ക്കേണ്ടത് 12.26 കോടി മാത്രം. 5.73 കോടി തട്ടിയ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് 19.91 ലക്ഷം മാത്രം തിരിച്ചടച്ചാൽ മതി.
300 കോടിയുടെ തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചപ്പോൾ 227 കോടിയായി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുക്കുന്നത് 125 കോടി രൂപയായി വീണ്ടും ചുരുങ്ങിയത്.
Discussion about this post