അഹമ്മദാബാദ്: പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന് ഹൃദയാഘാതതത്തെ തുടർന്ന് ദാരുണാന്ത്യം. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ ഡോ.ഗൗരവ് ഗാന്ധിയാണ് ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധരിലൊരാളായിരുന്ന ഗൗരവിന്റെ മരണം സഹപ്രവർത്തകരിലും ജനങ്ങളിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. 41 വയസ്സ് പ്രായം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഈ കാലയളവിനുള്ളിൽ 16,000ത്തിലധിം ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ വ്യക്തി കൂടിയാണ് ഗൗരവ്.
ഉറക്കത്തിനിടെ മരണം സംഭവിച്ചുവെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി വരെ ആശുപത്രിയിൽ വച്ച് ഇദ്ദേഹം രോഗികളെ കാണുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ശേഷം പാലസ് റോഡിലുള്ള വീട്ടിലേക്ക് വരികയായിരുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു. ഗാരവിന്റെ പെരുമാറ്റത്തിൽ യാതൊരു വിധ അസ്വസ്ഥതയും കണ്ടിരുന്നില്ലെന്നും, എന്തെങ്കിലും പ്രശ്‌നമുള്ളതായി അദ്ദേഹം പറഞ്ഞില്ലെന്നും കുടുംബം പറഞ്ഞു.
പുലർച്ചെ 6 മണിയോടെയാണ് സാധാരണ ഗൗരവ് എഴുന്നേൽക്കാറുള്ളത്. അന്നേ ദിവസം പതിവ് പോലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ ഫോണിലേക്ക് തുടർച്ചയായി വന്ന കോളുകളോട് അദ്ദേഹം പ്രതികരിക്കാത്തതും വീട്ടുകാർ ശ്രദ്ധിച്ചു. ഉടൻ തന്നെ ഗൗരവിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
Discussion about this post