ന്യൂയോർക്ക്: ഗുരുതര പ്രതിസന്ധിയിൽ വലഞ്ഞ് ന്യൂയോർക്ക് നഗരം. നഗരത്തിലാകെ പുക നിറഞ്ഞതാണ് ജനങ്ങളെ വലയ്ക്കുന്നത്. കാനഡയിലുണ്ടായ കാട്ടുതീയാണ് ന്യൂയോർക്ക് നഗരത്തിലും പുക പടരാൻ കാരണമായിരിക്കുന്നത്. ജനങ്ങൾ എൻ95 മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന കർശന നിർദ്ദേശം ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ന്യൂയോർക്ക് ഭരണകൂടം സൗജന്യ മാസ്‌ക് വിതരണവും ആരംഭിച്ചിട്ടുണ്ട്. പത്ത് ലക്ഷം മാസ്‌കുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുൾപ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും കർശന നിർദ്ദേശമുണ്ട്. കാനഡയിൽ 10 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ലോക കേരളസഭാ സമ്മേളനം ന്യൂയോർക്കിൽ നടക്കാനിരിക്കെയാണ് ഗുരുതര പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
ലോക കേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും ഇന്ന് പുലർച്ചെയാണ് അമേരിക്കയിലേക്ക് തിരിച്ചത്. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്കാണ് യാത്ര. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ന്യൂയോർക്കിൽ ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം മറ്റന്നാളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 15, 16, തീയതികളിൽ ക്യൂബയും മുഖ്യമന്ത്രി സന്ദർശിക്കും.
Discussion about this post