ന്യൂയോർക്ക്: ഹവായിലെ കിലോയ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ അഗ്നിപർവ്വതത്തിൽ നിന്നുണ്ടായ ലാവ പ്രവാഹം തുടരുകയാണ്.
ബുധനാഴ്ച പുലർച്ചെ 4.44നായിരുന്നു കിലോയ പൊട്ടിത്തെറിച്ചത്. ഇതിന്റെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ ഹവായിലെ വോൾകാനോ നാഷണൽ പാർക്കിനെ മാത്രമാണ് സ്‌ഫോടനം ബാധിച്ചിട്ടുള്ളത്. ജനവാസ മേഖലകളെ അഗ്നിപർവ്വത സ്‌ഫോടനം ബാധിച്ചിട്ടില്ലെന്നും ജനങ്ങൾ എല്ലാവരും സുരക്ഷിതർ ആണെന്നും അധികൃതർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് കിലോയ. ഹവായി ദ്വീപിൽ അഞ്ച് അഗ്നിപർവ്വതങ്ങൾ ആണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് കിലോയയ്ക്ക് ഉള്ളത്. മൂന്ന് മാസം മുൻപും കിലോയ പൊട്ടിത്തെറിച്ചിരുന്നു.
അതേസമയം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് കാണാൻ നിരവധി സഞ്ചാരികൾ വോൾകാനോ നാഷണൽ പാർക്കിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്ക് വേണ്ടി അധികൃതർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
Discussion about this post