വാഷിംഗ്ടൺ: കാനഡയിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുകയിൽ ശ്വാസംമുട്ടി അമേരിക്കൻ നഗരങ്ങൾ. വാഷിംഗ്ടൺ, ഫിലാഡെൽഫിയ,ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾ ഉൾപ്പെടെ പുകയിൽ അമർന്നിരിക്കുകയാണ്.കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്ന് ഗുരുതരമായ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. വാഷിംഗ്ടൺ കൗൺസിൽ ഓഫ് ഗവൺമെന്റ്‌സ് കോഡ് പർപ്പിൾ പുറപ്പെടുവിച്ചിരിക്കുകയാണ്.വായു ശ്വസിക്കുന്നത് അനാരോഗ്യകരമാണ് എന്നാണ് ഇതിനർത്ഥം.ഇതേത്തുടർന്ന് നാഷണൽസ് ബേസ്‌ബോൾ ഗെയിം മാറ്റിവെച്ചിട്ടുണ്ട്. ദേശീയ മൃഗശാലയും അടച്ചുപൂട്ടി. സ്‌കൂളുകൾ തത്കാലത്തേക്ക് അടക്കുകയും ക്ലാസുകൾ ഓൺലൈനാക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുൾപ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ന്യൂയോർക്ക് നഗരത്തിലെ വായു ശ്വാസയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നും റിപ്പോർട്ടുകളുണ്ട്. വായുനിലവാരം മോശമായതിനാൽ അമേരിക്കയിൽ നിരവധിപേർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളും റിപ്പോർട്ട് ചെയ്തു.
പുറത്തിറങ്ങുമ്പോൾ എൻ95 മാസ്‌ക് ധരിക്കാൻ ന്യൂയോർക്കിലെ ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും കഴിവതും വീട്ടിനുള്ളിൽ തന്നെ തുടരാനും അധികൃതർ അറിയിച്ചു. പുകപടലം മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കു സാധ്യതയുള്ളതിനാലാണ് നിർദേശം.
സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം വായുവാണ് അമേരിക്കൻ നഗരങ്ങളിൽ ഇപ്പോൾ ഉള്ളതെന്നാണ് റിപ്പോർട്ട്.ന്യൂയോർക്ക് നഗരത്തിലെ തെരുവുകളുടെ നിറം ബുധനാഴ്ച ഉച്ചകഴിഞ്ഞതോടെ ഓറഞ്ച് നിറമായി മാറി. നഗരം ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരത്തിന്റെ പട്ടികയിൽ ഒന്നാമതെത്തി.
ന്യൂയോർക്കിലെ മോശം കാലാവസ്ഥ ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നലെ ന്യൂയോർക്കിലേക്ക് തിരിച്ചിരുന്നു. നാളെ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യുന്ന ടൈം സ്ക്വയറിലും പുക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Discussion about this post