കോഴിക്കോട്; പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് സേനാംഗങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി കർശന നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.
ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് സ്റ്റേഷനിൽ ചെന്ന് പിഴയടക്കാൻ നിർദ്ദേശിച്ചതിൻറെ ഫലമായി യുവാവിന് പി. എസ്. സി. പരീക്ഷയെഴുതാൻ സാധിക്കാത്ത സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
സംഭവത്തിൽ ഫറോക്ക് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം വീഴ്ചകൾ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഉത്തരവിൽ പറഞ്ഞു. ഉദ്യോഗസ്ഥന്റെ അനഭിലഷണീയമായ പ്രവൃത്തി കാരണം പോലീസ് സേനയും സൽപ്പേരിന് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു. പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചതായി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.
Discussion about this post