മുംബൈ : മഹാരാഷ്ട്രയിലെ ധൂലെയിൽ അനധികൃതമായി നിർമ്മിച്ച ടിപ്പു സുൽത്താന്റെ സ്മാരക മന്ദിരം പൊളിച്ചുനീക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ മന്ദിരം പൊളിച്ചത്. എഐഎംഐഎം എംഎൽഎ ഡോ. ഫാറൂഖ് അൻവർ ഷായാണ് 100 അടി വീതിയുള്ള റോഡിന് നടുവിൽ ടിപ്പു സുൽത്താൻ സ്മാരകം പണികഴിപ്പിച്ചത്. അനധികൃതമായി നിർമ്മിച്ച മന്ദിരം ഗതാഗത തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പരാതി നൽകിയിരുന്നു.
ഭാരതീയ ജനതാ യുവമോർച്ച നേതാവും അഭിഭാഷകനുമായ രോഹിത് ചന്ദോഡ് ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും കത്തെഴുതിയിരുന്നു. ധൂലെ നഗരത്തിൽ ഡി-മാർട്ട് മുതൽ ബൈപാസ് ഹൈവേ വരെ മുനിസിപ്പൽ കോർപ്പറേഷൻ 100 അടി വീതിയുള്ള റോഡ് നിർമ്മിച്ചിട്ടുണ്ട്. ഈ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കൂടാതെ, റോഡിന്റെ ഇരുവശവും ആളുകൾ താമസിക്കുന്ന സ്ഥലമാണെന്ന് രോഹിത്ത് കത്തിൽ പറഞ്ഞു.
സർക്കാർ അനുമതിയില്ലാതെ ടിപ്പു സുൽത്താന്റെ സ്മാരകം നിർമ്മിച്ച് ധൂലെ സിറ്റി എംഎൽഎ ഡോ. ഫാറൂഖ് ഷാ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ്. ധൂലെ നഗരത്തിൽ 100-അടി റോഡിനും വജയ് റോഡിനും ഇടയിലുള്ള സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
നിയമവിരുദ്ധമായ ഈ സ്മാരകം പൊളിച്ചുനീക്കാൻ നടപടിയെടുക്കണമെന്ന് മുനിസിപ്പൽ ഭരണകൂടത്തോട് രോഹിത്ത് അഭ്യർത്ഥിച്ചു. ഫാറൂഖ് ഷായ്ക്കെതിരെ സിറ്റി ഡിഫേസ്മെന്റ് ആക്ട് പ്രകാരം കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഭരണകൂടം ഈ മന്ദിരം പൊളച്ചുനീക്കിയത്.
Discussion about this post