കോട്ടയം : കാറിൽ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതോടെ പിഴ ചുമത്തി എഐ ക്യാമറ. സഹയാത്രികൻ താടി ചൊറിഞ്ഞപ്പോൾ സീറ്റ് ബെൾട്ട് മറഞ്ഞിരുന്നു. ഇതോടെയാണ് കാർ ഉടമയ്ക്ക് പിഴയിട്ടത്. കോട്ടയം മൂലവട്ടത്താണ് ഈ സംഭവം നടന്നത്. മൂലവട്ടം സ്വദേശി ഷൈനോയ്ക്കാണ് പിഴ അടയ്ക്കാൻ മോട്ടോർവാഹനവകുപ്പ് അറിയിപ്പ് നൽകിയത്.
കായംകുളത്ത് സർവീസ് ചെയ്യുന്നതിനായി ഷൈനോയുടെ സഹോദരനാണ് കാർ കൊണ്ടുപോയത്. ഇയാളുടെ ഒപ്പമിരുന്നയാൾ സീറ്റ് ബെൾട്ട് ധരിച്ചില്ലെന്ന് എഐ ക്യാമറ കണ്ടെത്തുകയായിരുന്നു. ഫോട്ടോ പരിശോധിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതാണെന്ന് മനസിലായത്.
താടി ചൊറിഞ്ഞപ്പോൾ സീറ്റ് ബെൾട്ടിന്റെ പകുതി ഭാഗം മറഞ്ഞു. ഇതോടെ ക്യാമറ പിഴ ചുമത്തുകയായിരുന്നു. തെറ്റ് തങ്ങളുടെ ഭാഗത്തല്ലെന്ന് വ്യക്തമായതോടെ ഇക്കാര്യം ഫോട്ടോ സഹിതം ഷൈനോ ആലപ്പുഴയിലെ മോട്ടോർവാഹനവകുപ്പിനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥരും മറുപടി നൽകിയിട്ടുണ്ട്.
Discussion about this post