ഇംഫാൽ: മണിപ്പൂരിൽ നാല് ജില്ലകളിൽ വൻ ആയുധവേട്ട നടത്തി സൈന്യം. ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ഉൾപ്പെടെ നാല് ജില്ലകളിൽ നിന്നാണ് ബോംബുകളും തോക്കുകളും ഉൾപ്പെടെ ഉള്ള ആയുധങ്ങൾ കണ്ടെത്തിയത്. ഇന്നലെ ഖൊക്കൻ ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിൽ കുക്കി വിഭാഗത്തിൽ പെട്ട മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. അസം റൈഫിൾസിന്റെ നേതൃത്വത്തിലാണ് പിന്നീട് ഇവർ മൂന്ന് പേരുടേയും മൃതദേഹങ്ങൾ വീണ്ടെടുത്തത്. മേഖലയിൽ സൈന്യം കനത്ത സുരക്ഷയാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മണിപ്പൂരിൽ കലാപവുമായി ബന്ധപ്പെട്ട് 3734 കേസുകളാണ് പോലീസ് ഇതുവരെ എടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം മൂന്നാം തിയതിയാണ് മണിപ്പൂരിൽ കലാപം ആരംഭിച്ചത്. മുപ്പത്തയ്യായിരത്തോളം പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു. അതേസമയം കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചു. ഗൂഢാലോചന ഉൾപ്പെടെയുള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. കലാപമേഖലകളിലേക്ക് കൂടുതൽ സേനയെ വിന്യസിക്കാനും കേന്ദ്രം തീരുമാനിച്ചു.
മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷ എംഎൽഎമാർ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. കുകി മെയ്തി വിഭാഗക്കാരായ എംഎൽഎമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നൽകിയിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ ഇന്ന് മണിപ്പൂർ സന്ദർശിക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Discussion about this post