ന്യൂഡൽഹി: നൈജീരിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികർ ഇന്ന് തിരിച്ചെത്തും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കസ്റ്റഡിയിലെടുക്കപ്പെട്ട ക്രൂഡ് ഓയിൽ ടാങ്കർ എംടി ഹീറോയിക് ഇഡൂണിലെ ജീവനക്കാരാണ് ഇന്ന് എത്തുന്നത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 പേരാണ് കപ്പലിൽ ജീവനക്കാരായി ഉണ്ടായിരുന്നത്. നൈജീരിയൻ കടലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും നാവികസേനയുടെ ഉത്തരവുകൾ അവഗണിച്ചെന്നും ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നാണ് ഇവർ യാത്ര തിരിച്ചിരിക്കുന്നത്. 16 ഇന്ത്യക്കാർക്ക് പുറമെ എട്ട് ശ്രീലങ്കക്കാർ, ഒരു ഫിലിപ്പീനോ, ഒരു പോളിഷ് പൗരൻ എന്നിവരടങ്ങുന്ന 26 അംഗ സംഘമാണ് എംടി ഹീറോയിക് ഇഡൂണിന്റെ നിയന്ത്രണ ചുമതല വഹിച്ചിരുന്നത്. 16 ഇന്ത്യക്കാരിൽ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൻ, എളംകുളം കുമാരനാശൻ നഗറിലെ സനുജോസ്, കൊല്ലം സ്വദേശി വിജിത്ത് എന്നിവരും ഉൾപ്പെടുന്നു. തുടർച്ചയായുള്ള നയതന്ത്ര ഇടപെടലുകൾക്ക് ഒടുവിലാണ് ഇവരുടെ മോചനം സാധ്യമാകുന്നത്.
Discussion about this post