മുംബൈ: ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ജൽഗാവിൽ നിരോധനാജ്ഞ. തുടർ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. അനധികൃതമായി സംഘം ചേരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയെന്നോണും ശനിയാഴ്ച രാവിലെയും ആക്രമണങ്ങൾ ഉണ്ടായിരുന്നു. ക്ഷേത്രങ്ങൾക്ക് നേരെയും ഹിന്ദുക്കൾക്ക് നേരെയുമായിരുന്നു ആക്രമണം ഉണ്ടായത്. ഇതോടെ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച നിലവിൽ വന്ന നിയന്ത്രണങ്ങൾ തിങ്കളാഴ്ച 11 വരെ തുടരും.
ജൽഗാവിലെ അമൽനേറിലായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇന്നലെ രാത്രി റോഡരികിൽവച്ച് ഇരു വിഭാഗങ്ങളിൽപ്പെട്ട യുവാക്കൾ തമ്മിൽ വാക്ക് തർക്കം ഉടലെടുത്തിരുന്നു. ഇത് പിന്നീട് വർഗ്ഗീയ സംഘർഷത്തിന് സമാനമായ അവസ്ഥയിലേക്ക് വഴിമാറുകയായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ കല്ലേറ് ഉണ്ടായി. ഇതിൽ മൂന്ന് പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. കൂടുതൽ പോലീസ് സംഘം എത്തിയായിരുന്നു പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 32 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post