എറണാകുളം/ ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയ അനധികൃതമായി തടഞ്ഞുവച്ച ഇന്ത്യൻ നാവികർ രാജ്യത്ത് തിരിച്ചെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു നാവികർ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. മൂന്ന് മലയാളികൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരെയാണ് നൈജീരിയ തടഞ്ഞുവച്ചിരുന്നത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഇവരെ സ്വീകരിക്കാൻ ബന്ധുക്കളും ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഹാരം അണിഞ്ഞായിരുന്നു ഇവരെ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൊച്ചിയിൽ നിന്നും ജന്മാനാടുകളിലേക്ക് മടങ്ങി.
എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൻ ഡിക്കോത്ത്, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് തടവിലാക്കപ്പെട്ടിരുന്ന മലയാളികൾ.
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു എംടി ഹീറോയിക് ഇഡൂൻ എന്ന കപ്പൽ നൈജീരിയ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ഇതിലെ ജീവനക്കാരെ തടവിലാക്കുകയായിരുന്നു. 16 ഇന്ത്യക്കാർ ഉൾപ്പെടെ 26 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇക്വിറ്റോറിയൽ ഗ്വിനിയയിൽവച്ചായിരുന്നു കപ്പൽ അധികൃതർ കസ്റ്റഡിയിൽ എടുത്തത്.
അനധികൃതമായി തടവിലാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ഏപ്രിൽ 30 ന് ഇവരെ മോചിപ്പിക്കാൻ നൈജീരിയൻ കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഇവരുടെ മോചനം സാദ്ധ്യമായത്. കോടതി ഉത്തരവിട്ടതിന് പിന്നാലെ കഴിഞ്ഞ മാസം ഇവരുടെ പാസ്‌പോർട്ടുകൾ അധികൃതർ തിരികെ നൽകുകയായിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ രാവിലെ ഇവർ ഇന്ത്യയിലേക്ക് തിരിച്ചു.
നാട്ടിലേക്ക് തിരികെയെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് നാവികൻ സാനു ജോസ് പ്രതികരിച്ചു. തങ്ങളുടെ ജീവിതത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം ആയിരുന്നു ഉണ്ടായിരുന്നത്. ജീവിതം നൈജീരിയയിൽ അവസാനിച്ചുവെന്ന് കരുതി. എന്നാൽ സർക്കാരിന്റെ ഇടപെടൽ തങ്ങളെ നാട്ടിലെത്തിച്ചു. കേന്ദ്രസർക്കാരിനും കേരള സർക്കാരിനും നന്ദിയുണ്ടെന്നും സാനു പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ അക്ഷീണ പരിശ്രമത്തിനൊടുവിലാണ് മോചനം സാദ്ധ്യമായത് എന്ന് വിജിത്തും വ്യക്തമാക്കി. ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യം ആയിരുന്നു മോചനത്തിൽ നിർണായകം ആയത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് അതിയായ നന്ദി അറിയിക്കുന്നുവെന്നും വിജിത്ത് കൂട്ടിച്ചേർത്തു.
Discussion about this post