കണ്ണൂർ: തെരുവുനായകളുടെ കടിയേറ്റ് മരിച്ച 11 വയസുകാരൻ നിഹാലിനെ നായകൾ അതിക്രൂരമായി കടിച്ചുകൊല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ ശരീരം ആദ്യം കണ്ട നാട്ടുകാർ. കാൽഭാഗം ഏതാണ്ട് പൂർണമായി നായകൾ കടിച്ചെടുത്ത നിലയിലായിരുന്നുവെന്നും തിരച്ചിലിനുണ്ടായിരുന്നവർ പറയുന്നു. അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
ഓട്ടിസം ബാധിച്ചിരുന്ന നിഹാലിന് സംസാരിക്കാൻ കഴിയുമായിരുന്നില്ല. കുട്ടി ഇതിന് മുൻപും വീട്ടിൽ നിന്ന് പുറത്തിറങ്ങി പോയിട്ടുണ്ട്. അയൽവാസികൾ കണ്ട് തിരിച്ച് കൊണ്ടുവിടുകയാണ് ചെയ്തിരുന്നത്. നിഹാൽ പുറത്തിറങ്ങുന്നത് കൊണ്ടു തന്നെ വീടിന്റെ വാതിലുകൾ അടച്ചിടുമായിരുന്നു. എന്നാൽ വീട്ടിൽ ഇലക്ട്രിസിറ്റി ജോലിക്കായി ജോലിക്കാർ വന്നതുകൊണ്ട് വാതിലുകൾ തുറന്നിട്ടു. വീട്ടുകാരുടെ ശ്രദ്ധ തെറ്റിയതോടെ കുട്ടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
കുട്ടി അടുത്തെവിടെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ രാത്രി വൈകിയും കണ്ടെത്താനാകാതെ വന്നതോടെയാണ് വ്യാപകമായ തിരച്ചിൽ തുടങ്ങിയത്. നിഹാൽ കിടന്ന ഭാഗത്ത് നിന്ന് നായകൾ കൂട്ടത്തോടെ പോകുന്നത് കണ്ടുവെന്ന്് ചിലർ പറഞ്ഞതോടെയാണ് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയത്. തുടർന്നാണ് കുട്ടിയുടെ ശരീരം നായ കടിച്ചുകീറിയ നിലയിൽ കണ്ടെത്തുന്നത്.
നേരത്തെ മുഴപ്പിലങ്ങാടി ബീച്ച് മേഖലയിൽ കർണാടക സ്വദേശികളായ രണ്ട് കുട്ടികളെ തെരുവുനായകൾ ആക്രമിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെട്ടതാണ്. ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കുകയും വിഷയത്തിൽ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തെരുവുനായ ശല്യത്തെക്കുറിച്ച് പഞ്ചായത്തിൽ പരാതികൾ നൽകിയിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു.












