കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ കമ്മറ്റി രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു ആദ്യം വേണ്ടത്. പിന്നീട് ആവശ്യമാണെങ്കിൽ മാത്രമേ നിയമ നടപടികളിലിലേക്ക് കടക്കാവൂ എന്ന് സാഹിത്യകാരൻ എം.കെ. സാനു അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാജാസ് കോളേജിൽ ഇപ്പോൾ അനാരോഗ്യകരവും വിഷലിപ്തവുമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും കോളേജിലെ പഴയ അദ്ധ്യാപകൻ കൂടിയായ എം.കെ. സാനു പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി.
എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പോലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.
അതേ സമയം എസ്എഫ്ഐക്കെതിരെയും സർക്കാരിനെതിരെയും പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. കേസിനെകുറിച്ചറിയില്ലെന്നാണ് ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. സർക്കാരിനെ വിമർശിക്കാൻ പോലും മാദ്ധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുള്ള ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചത്.
Discussion about this post