ചെന്നൈ: തമിഴ്‌നാട്ടുകാരൻ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ വളച്ചൊടിച്ചും പരിഹസിച്ചും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രധാനമന്ത്രിയോട് അമിത് ഷായ്ക്ക് പരിഭവം ആണോ എന്നായിരുന്നു ഇതിനോട് സ്റ്റാലിൻ നടത്തിയ പ്രതികരണം. പൊതുപരിപാടിയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സ്റ്റാലിൻ അമിത് ഷായുടെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ച് പരാമർശം നടത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമർശം കേട്ട് താൻ അതിശയിച്ച് പോയെന്ന് സ്റ്റാലിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് അമിത് ഷാ പറയുന്നത്. അദ്ദേഹത്തിന് പ്രധാനമന്ത്രിയോട് പരിഭവമുണ്ടെന്നാണ് മനസിലാക്കുന്നത്. ഇനി തമിഴ്‌നാട്ടിൽ നിന്നും ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകും എങ്കിൽ എൽ മുരുകനോ, തമിഴിസൈയോ ആയിരിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വിവിധ പദ്ധതികൾ സംബന്ധിച്ച് നിരവധി ആവശ്യങ്ങളാണ് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ഉന്നയിക്കുന്നത്. എന്നാൽ ഇതിനൊന്നും കേന്ദ്രം മറുപടി നൽകുന്നില്ല. തമിഴ്‌നാടിന് എയിംസ് അനുവദിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. നിലവിൽ തമിഴ്‌നാടിന് എയിംസിന്റെ ആവശ്യമില്ലെന്നും സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ എത്തിയ അമിത് ഷാ തമിഴ്‌നാട്ടിൽ നിന്നും ഒരു പ്രധാനമന്ത്രി ഉണ്ടാകുമെന്ന് പറഞ്ഞത്.
അതേസമയം അമിത് ഷായുടെ പരാമർശം സ്റ്റാലിനെ ഭയപ്പെടുത്തിയെന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ പ്രതികരണം. തമിഴ്‌നാട്ടിൽ നിന്നും ഇതുവരെ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നും ഒരു ബിജെപി സ്ഥാനാർത്ഥി ഉണ്ടായാൽ അത് ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാകും നൽകുക. ഈ സാഹചര്യത്തിലാണ് സ്റ്റാലിൻ അമിത് ഷായുടെ പരാമർശത്തെ വളച്ചൊടിച്ച് രംഗത്ത് വന്നത്. പരാമർശത്തിൽ സ്റ്റാലിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനവും പരിഹാസവും ഉയരുന്നുണ്ട്.
Discussion about this post