അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ് ഉന്നതതല യോഗം ചേരും. വൈകീട്ട് മൂന്ന് മണിയോടെയാകും അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേരുക. അതേസമയം ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള മന്ത്രിമാരുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ച പുരോഗമിക്കുകയാണ്.
ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ചുഴലിക്കാറ്റ് ബാധിക്കുന്ന ആറ് ജില്ലകളിലെയും കളക്ടർമാർ എന്നിവരുമായാണ് അദ്ദേഹം യോഗം ചേരുക. യോഗത്തിൽ ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനായി സ്വീകരിച്ച മുന്നൊരുക്കങ്ങളും നടപടികളും അദ്ദേഹം വിലയിരുത്തും. നിലവിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും. വീഡിയോ കോൺഫറൻസിംഗിലൂടെയാകും അദ്ദേഹം ഇവരുമായി കൂടിക്കാഴ്ച നടത്തുക.
നാളെ രാവിലെയോടെ കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തുടർന്ന് മറ്റെന്നാളോടെ കാറ്റ് കരയിലേക്ക് പ്രവേശിക്കും. കാറ്റ് കടന്ന് പോകാൻ സാദ്ധ്യതയുള്ള മേഖലകളിൽ നിന്നും ആളുകളെ മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ 8000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം മൃഗങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post