പഴം വാങ്ങുമ്പോള്‍ മഞ്ഞനിറത്തിലുള്ള എവിടെയും കറുപ്പ് തട്ടാത്ത, നല്ല സുന്ദരന്‍ പഴങ്ങള്‍ നോക്കി വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞാല്‍ ആശാന്റെ നിറം മാറും. വല്ലാതെ പഴുത്ത്, അങ്ങിങ്ങായി കറുത്ത്, ഞെങ്ങിയിരിക്കുന്ന പഴങ്ങള്‍ പിന്നെ ആരും കഴിക്കാതെയാകും. ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ മൊത്തം കറുത്തുപോയ പഴങ്ങള്‍ വെറുതേ കളയേണ്ട അവസ്ഥ മിക്ക വീടുകളിലും ഉണ്ടാകാറുണ്ട്. എത്ര കുറച്ച് വാങ്ങിയാലും ഒന്നുരണ്ടു പഴങ്ങള്‍ ഇങ്ങനെ കളയേണ്ടി വരുന്നത് കഷ്ടം തന്നെയാണ്. എന്നാല്‍ ഇനി അത് വേണ്ട. പഴം വാങ്ങി അത് കഴിച്ച് തീരുന്നത് വരെ ഫ്രഷ് ആയി, കറുത്ത നിറം വരാതെ, രുചികരമായി നിലനിര്‍ത്താന്‍ ചില നുറുങ്ങുവിദ്യകളുണ്ട്.
വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം
കടയില്‍ നിന്ന് വാങ്ങുന്ന പഴമാണെങ്കില്‍ ആവശ്യമറിഞ്ഞ് വേണം പഴത്തിന്റെ പഴുപ്പ് തെരഞ്ഞെടുക്കാന്‍. ഉദാഹരണത്തിന് ഉടന്‍ തന്നെ കഴിക്കാനാണെങ്കില്‍ നല്ലവണ്ണം പഴുത്ത, നല്ല മഞ്ഞനിറത്തിലുള്ള പഴം വാങ്ങാം. പക്ഷേ നാളെയോ വരും ദിവസങ്ങളിലോ കഴിക്കാനുള്ളതാണെങ്കില്‍ അത്ര പഴുക്കാത്ത ഇളംമഞ്ഞ നിറത്തിലുള്ള പഴം തിരഞ്ഞെടുക്കുക.
മറ്റുപഴങ്ങളില്‍ നിന്നും മാറ്റിവെക്കുക
വീട്ടിലെത്തി കഴിഞ്ഞാല്‍ പഴം പഴുക്കുന്നത് ശരവേഗത്തിലായിരിക്കും, പ്രത്യേകിച്ച് മറ്റ് പഴങ്ങള്‍ക്കൊപ്പം വെച്ചാല്‍. അതുകൊണ്ട് പഴം മറ്റ് പഴങ്ങളുടെ അടുത്ത് സൂക്ഷിക്കാതിരിക്കുക. നല്ല വായുസഞ്ചാരമുള്ള ഒരു പാത്രത്തില്‍ വേറെ തന്നെയായി മാറ്റിവെക്കുകയാണ് നല്ലത്. വായുസഞ്ചാരം നല്ലവണ്ണമുണ്ടെങ്കില്‍ പഴുക്കല്‍ പ്രക്രിയ പതുക്കെയാകും.
ഫ്രീസറിലും സൂക്ഷിക്കാം
വീട്ടിലെ വാഴയിലുണ്ടായ പഴമാണെങ്കില്‍ നമുക്കത് ഒറ്റയടിക്ക് കഴിച്ചുതീര്‍ക്കാനാകില്ല. അത്തരത്തില്‍, കഴിച്ചുതീര്‍ക്കാവുന്നതിലും കൂടുതല്‍ പഴുത്ത പഴം സൂക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ അപ്പോഴത്തെ ആവശ്യത്തിനുള്ളത് മാറ്റിവെച്ച് ബാക്കിയുള്ളവ ഫ്രിഡ്ജില്‍ ഫ്രീസറില്‍ വെക്കുകയാണ് പോംവഴി. തൊലി പൊളിച്ച് ഒരു അടച്ചുറപ്പുള്ള പാത്രത്തിലോ ഫ്രീസര്‍ ബാഗിലോ ആക്കി പഴം ഫ്രീസറില്‍ സൂക്ഷിക്കാം. ഇത് പിന്നീട് പഴം കൊണ്ട് തയ്യാറാക്കുന്ന സ്മൂത്തി, കേക്ക് എന്നിവയ്ക്കായി ഉപയോഗിക്കാം. ഫ്രീസ് ചെയ്യുന്നതിലൂടെ പഴുക്കല്‍ നിലയ്ക്കുകയും മാസങ്ങളോളം മധുരത്തോടെ ഇരിക്കുകയും ചെയ്യും.
ഒറ്റയാന്മാരെ അകറ്റിനിര്‍ത്തുക
ഒരു പടല പഴത്തിലെ ഒരെണ്ണം നന്നായി പഴുത്ത് കറുത്താല്‍ മതി ബാക്കിയുള്ളവയും കൂടി വളരെ വേഗം അത്തരത്തിലാകും. അത്തരം സാഹചര്യങ്ങളില്‍ നന്നായി പഴുത്ത ഒറ്റയാനെ വളരെ വേഗം കൂട്ടത്തില്‍ നിന്നും മാറ്റുകയാണ് വേണ്ടത്. മാത്രമല്ല, അടുക്കടുക്കായി, വായുസഞ്ചാരമില്ലാതെ പഴം സൂക്ഷിക്കുന്നതും വേഗം പഴുത്ത് കറുത്തുപോകാന്‍ ഇടയാക്കും.
ഞെട്ട് പൊതിഞ്ഞുവെക്കാം
പഴം കുറച്ചധികം കാലം കേടുകൂടാതെ ഇരിക്കാന്‍ കുലയില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ഞെട്ടിന്റെ ഭാഗം ഒരു പ്ലാസ്റ്റിക് കവറോ അലൂമിനിയം ഫോയിലോ ഉപയോഗിച്ച് പൊതിഞ്ഞുവെക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ പഴുക്കുന്നതിന് വേണ്ടി പഴങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന എഥിലീന്‍ വാതകം പുറത്തുപോകുന്നത് തടയാന്‍ കഴിയും.
കറുത്തുതുടങ്ങിയാല്‍ ഫ്രിഡ്ജിലേക്ക് മാറ്റാം
കറുത്തുതുടങ്ങിയ പഴങ്ങള്‍ ഒന്നുകില്‍ വളരെ വേഗം കഴിച്ചുതീര്‍ക്കുക, അല്ലെങ്കില്‍ ശിതീകരിച്ച് സൂക്ഷിക്കുക. ഫ്രിഡ്ജിനുള്ളില്‍ വെക്കുമ്പോള്‍ തൊലി കറുത്തുപോകാന്‍ സാധ്യതയുണ്ട്. എങ്കിലും അകത്തെ പഴം ഫ്രഷ് ആയി, കഴിക്കാവുന്ന അവസ്ഥയില്‍ തന്നെ ആയിരിക്കും.
Discussion about this post