കോഴിക്കോട്: ആൾമാറാട്ടം നടത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം മുഴുവൻ വാടകയും നൽകാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്‌ഐ ജയരാജനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ജയരാജനെതിരെ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ.
ഹോട്ടലിൽ മുറിയെടുത്ത സംഭവം വലിയ വിവാദമായതിന് പിന്നാലെ ജയരാജന് അച്ചടക്ക നടപടിയെന്നോണം മൂന്ന് സ്ഥലം മാറ്റങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്‌പെൻഡ് ചെയ്തത്. ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെ സ്വഭാവ ദൂഷ്യം, അച്ചടക്ക ലംഘനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിൽ ഉള്ളത്.
കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജിലാണ് ആൾമാറാട്ടം നടത്തി ജയരാജൻ മുറിയെടുത്തത്. ഒരു സ്ത്രീയും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. ഗ്രേഡ് എസ്‌ഐയ്ക്ക് പകരം ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറാണെന്ന് ജയരാജൻ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. തുടർന്ന് മുറിവാടകയിൽ ഇളവും നേടുകയായിരുന്നു.
ഹോട്ടലിൽ എസി മുറിയായിരുന്നു ജയരാജൻ എടുത്തത്. ഇതിന് 2500 രൂപയാണ് ദിവസ വാടക. എന്നാൽ ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറാണെന്ന് പറഞ്ഞ് 1000 രൂപ മാത്രം നൽകി മുറി ഒഴിയുകയായിരുന്നു.
Discussion about this post