ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ, കേന്ദ്രസർക്കാർ സർക്കാർ മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മാദ്ധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലടയ്ക്കുന്നുവെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും യെച്ചൂരി പറഞ്ഞു. എത്ര തള്ളിപറഞ്ഞാലും കേന്ദ്രസർക്കാരിന് സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായി കേസെടുത്ത സംഭവത്തിൽ സീതാറാം യെച്ചൂരി മൗനം തുടരുകയാണ്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനെ കേസിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ നിലപാട്.
നരേന്ദ്രമോദി ഭരണകാലത്ത് മാദ്ധ്യമങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന വിമർശനം ഉയർത്തുന്ന സിപിഎം കേന്ദ്ര നേതൃത്വം, കേരളത്തിൽ സ്വന്തം സർക്കാരിന്റെ നടപടിയെ കുറിച്ച് മിണ്ടുന്നേയില്ല. സിപിഎം ഭരിക്കുന്ന കേരളത്തിൽ, ഒരു വനിതാ മാധ്യമപ്രവർത്തകയെ പ്രതിയാക്കിയ സംഭവത്തെ കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്.
Discussion about this post