ദക്ഷിണകാശിയിലെ വൈശാഖ മഹോത്സവ തിരക്കിലാണ് വടക്കേ മലബാറുകാർ. വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും കൗതുകവും അമ്പരപ്പും കൂടിയൊളിപ്പിച്ചുവെച്ചിരിക്കുന്ന ഇടമാണ് കൊട്ടിയൂർ ക്ഷേത്രം. ബാവലിപ്പുഴയുടെ കിഴക്കും പടിഞ്ഞാറും തീരത്താണ് ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. തൃചേരുമന ക്ഷേത്രം എന്നാണ് യഥാർത്ഥ പേരെങ്കിലും ഭക്തർക്കിടയിൽ ഇത് ‘ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമാണ്. ക്ഷേത്രമില്ലാത്തയിടത്തെ പൂജകൾ, മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആചാരങ്ങൾ, പ്രകൃതിയുടെ നിയന്ത്രണത്തിലുള്ള ഉത്സവം എന്നിങ്ങനെപോകുന്നു ക്ഷേത്രത്തിന്റെ വിശേഷങ്ങൾ.
ക്ഷേത്ര ദർശനം കഴിഞ്ഞെത്തുന്ന ഓരോ ഭക്തനും കൈയ്യിൽ വെള്ളിനൂൽ കണക്കെയുള്ള ‘താടി പ്രസാദമായി സ്വീകരിച്ചാണ് മടങ്ങാറ്. വൈശാഖത്സവത്തിന്റെ ഓർമ്മയായി ഓരോ വീടിന്റെ ഉമ്മറത്തും പൂജാമുറിയിലും ഈ താടി അഥവാ ഓടപ്പൂക്കൾ ഇങ്ങനെ തൂങ്ങിയാടും. ഇങ്ങനെ താടി പ്രസാദമായി നൽകുന്നതിന്റെ ചരിത്രം അന്വേഷിച്ചുപോയാൽ, അത് എത്തിനിൽക്കുക ദക്ഷന്റെ യാഗഭൂമിയിലാണ്. തന്റെ സമ്മതമില്ലാതെ മഹാശിവനെ വിവാഹം ചെയ്ത മകൾ സതിയേയും ശിവനെയും അപമാനിക്കാനായി ദക്ഷൻ നടത്തിയ ആ യാഗ കാലഘട്ടത്തിനോളം പഴക്കമുണ്ട് ഈറ്റ കൊണ്ട് നിർമ്മിച്ചെടുക്കുന്ന താടി പ്രസാദത്തിന്.
അനർത്ഥനങ്ങളൊക്കെയും മുൻകൂട്ടി തിരിച്ചറിഞ്ഞ പരമശിവൻ സതിയെ യാഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ആ വാക്കുകളെ അവഗണിച്ച് പുറപ്പെട്ട സതിദേവിയെ ദക്ഷൻ കണക്കിന് അപമാനിച്ചു. യാഗത്തിൽ ഹവിർഭാഗം തന്റെ ഭർത്താവായ പരമേശ്വരനു വയ്ക്കാത്തത് ദേവി ചോദ്യം ചെയ്തതും ദക്ഷൻ പരിഹസിച്ചു. ശിവനെ പരിഹസിക്കുന്നത് സഹിക്കവയ്യാതെ സതീദേവി അപമാനഭാരംമൂലം യാഗാഗ്‌നിയിൽ ആത്മാഹൂതി ചെയ്തു. ഇതറിഞ്ഞ ശിവൻ കോപിഷ്ഠനായി. തന്റെ ജഡ പറിച്ച് നിലത്തടിച്ചു. ഇതിൽ നിന്നും ഉഗ്രരൂപിയായ വീരഭദ്രൻ ജനിച്ചു.യാഗശാലയിലെത്തിയ വീരഭദ്രൻ ദക്ഷനെ വധിച്ചു.അഗ്നി കെടുത്തി യജ്ഞശാല പാടേ തകർത്തു. യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ഈ താടിയാണ് പിന്നീട് ഓടപ്പൂവായി മാറിയതെന്നാണ് വിശ്വാസം.

മഹാശിവന്റെ കോപം സർവ്വചരാചരങ്ങളുടെയും നാശത്തിന് കാരണമാകുമെന്ന് മനസിലാക്കിയ മഹാവിഷ്ണവും ബ്രഹ്‌മാവും മറ്റ് ദേവഗണങ്ങളും അദ്ദേഹത്തം ശാന്തനാക്കി. അവരുടെ അഭ്യർത്ഥന മാനിച്ച് ശിവൻ ശാന്തമായി ദക്ഷനെ പുനർജീവിപ്പിച്ചു. തല ചിന്നിച്ചിതറി പോയിരുന്നതിനാൽ ആടിന്റെ ചല ചേർത്തുവെച്ചാണ് ജീവൻ നൽകിയത്. പിന്നീട് യാഗം മുടങ്ങിയ ഭൂമിയിൽ ഒരു ശിവലിംഗം സ്വയംഭൂവായി ഉയർന്നുവന്നു. മുടങ്ങിയ യാഗം പൂർത്തിയാക്കുകയും ചെയ്തു. യാഗം മുടങ്ങിയതിനെ തുടർന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരിടമായി മാറിയ കൊട്ടിയൂർ കുറിച്യ വിഭാഗക്കാരുടെ വാസസ്ഥലമായി.ഒരിക്കൽ അമ്പിന് മൂർച്ച കൂട്ടാനായി ഇവിടെ എത്തിയ കുറിച്യ യുവാവ് അവിടെ കണ്ട കല്ലിൽ അമ്പ് ഉരച്ചപ്പോൾ കല്ലിൽ നിന്നും രക്തം വന്നുവത്രെ. ഇത് ശിവസാന്നിധ്യമാണെന്നു മനസ്സിലാക്കിയ അവിടെയുള്ള പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടി. പിന്നീട് വൈശാഖോത്സവം ആരംഭിച്ചതും എല്ലാത്തിനും അതിൻറേതായ ചിട്ടകൾ ഉണ്ടാക്കി ക്രമീകരിച്ചതും ശങ്കരാചാര്യർ ആണെന്നാണ് വിശ്വാസം.
തുടർന്ന് യാഗകർമ്മിയായ ഭൃഗുമഹർഷിയുടെ താടിരോമങ്ങൾ ഐശ്വര്യം പ്രദാനം ചെയ്യുന്നു എന്ന വിശ്വാസത്താൻ പിന്നീട് ഓടപ്പൂവ് പ്രസാദമായി നൽകിത്തുടങ്ങി. കൊട്ടിയൂരിലെയും വയനാടിനോട് ചേർന്നു കിടക്കുന്ന വനാതിർത്തിയിലെയും പ്രദേശങ്ങളിൽ നിന്നാണ് ഓടപ്പൂക്കൾ നിർമ്മിക്കുവാനാവശ്യമായ ഓടകൾ കൊണ്ടുവരുന്നത്. ഇവിടെ നിന്നുള്ള ഓടകൾ മാത്രമേ ഇതിനായി ഉപയോഗിക്കാറുള്ളു എന്ന പ്രത്യേകതയുമുണ്ട്. ഓടപ്പൂവിൻറെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകത. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുക്കുന്നു. ഇത് വെള്ളത്തിലിട്ടശേഷം എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ് ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് നൽകുന്നതിനായി സൂക്ഷിക്കുന്നത്. കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിന് എത്തുന്ന ഭക്തർക്ക് ഓടപ്പൂവ് ഒരു കൗതുകം മാത്രമല്ല, അടുത്തവർഷം വൈശാഖമാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.












