ബംഗളൂരു: ബംഗളുരുവിലെ മൾട്ടി നാഷണൽ കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ മലയാളി യുവാവിനെതിരെ കേസ്. പ്രസാദ് നവനീത് എന്ന മലയാളി യുവാവാണ് വ്യാജഭീഷണിയ്ക്ക് പിന്നിൽ. കമ്പനിയിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
ബംഗളുരുവിലെ ആർഎംഇസഡ് എക്കോസ്പേസ് ബിസിനസ് പാർക്കിലെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഓഫീസിലാണ് യുവാവ് ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയത്.
മോശം പ്രകടനത്തെ തുടർന്ന് യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചിരുന്നു. ഇയാളോട് രാജി വയ്ക്കാനും കമ്പനി ആവശ്യപ്പെട്ടു. തുടർന്ന് യുവാവ് തന്റെ മൊബൈലിൽ നിന്ന് പല തവണ ഓഫീസിലേക്ക് വിളിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കോൾ കണക്ട് ചെയ്യാൻ ജീവനക്കാർ തയ്യാറായില്ല. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിളിച്ച പ്രസാദ് ഓഫീസിൽ താൻ ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി.
കമ്പനിയുടെ പരാതിയിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമായി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി ഏകദേശം 500ലധികം ജീവനക്കാരെ ടെക്നോ പാർക്കിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ യുവാവിന്റേത് വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞു. കമ്പനി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിക്കുന്നയുടൻ പ്രസാദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post