750 മില്യൺ ദിർഹത്തിന് (204 മില്യൺ ഡോളർ) ദുബായിൽ വെർസൈൽസിന്റെ ഒരു മാൻഷൻ വിൽപ്പനയ്‌ക്ക്. ആഡംബര സ്വത്തുക്കൾ കൂടുതലുള്ള ഒരു നഗരത്തിലെ ഏറ്റവും ചെലവേറിയ വീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. എമിറേറ്റ്‌സ് ഹിൽസിന് തൊട്ടടുത്തായി നിൽക്കുന്ന ഈ വീടിന് 60,000 ചതുരശ്ര അടി സ്ഥലമുണ്ടെങ്കിലും അഞ്ച് കിടപ്പുമുറികൾ മാത്രമേയുള്ളൂ. 4,000 ചതുരശ്ര അടിയിലാണ് ഓരോ മുറികളും നിർമ്മിച്ചിരിക്കുന്നത്.
താഴത്തെ നിലയിൽ ഭക്ഷണത്തിനും വിനോദത്തിനുമായി മുറികളുണ്ട്. 15-കാർ ഗാരേജ്, 19 ബാത്ത്റൂമുകൾ, ഇൻഡോർ, ഔട്ട്ഡോർ പൂളുകൾ, രണ്ട് ഗോപുരങ്ങൾ, 80,000 ലിറ്റർ (21,000-ഗാലൻ) പവിഴപ്പാറകൾ ഉപയോഗിച്ചുള്ള അക്വേറിയം, ഒരു പവർ സബ്സ്റ്റേഷൻ, എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. 70,000 ചതുരശ്ര അടി സ്ഥലത്ത് ഒരു ഗോൾഫ് കോഴ്‌സിന് അഭിമുഖമായാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
ഏകദേശം 80 ദശലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെ വിലവരുന്ന മാർബിൾ ഇറ്റാലിയൻ കല്ല് ഉപയോഗിച്ചാണ് “മാർബിൾ പാലസ്” എന്ന് വിളിപ്പേരുള്ള ഈ വീട് നിർമ്മിച്ചത്. ഏകദേശം 12 വർഷമെടുത്ത് 2018ലാണ് വീടിൻറെ നിർമ്മാണം പൂർത്തിയാക്കിയത്. 70 തൊഴിലാളികൾ ഒൻപത് മാസത്തിലധികം പണിയെടുത്താണ് 700,000 സ്വർണ്ണ ഇലകൾ വീടിൻറെ ഭിത്തികളിൽ അലങ്കരിച്ചത്.
ഉടമയുടെ സ്വകാര്യ കലാ ശേഖരത്തിൽ നിന്നുള്ള 19-ആം നൂറ്റാണ്ടിലെയും 20-ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും വീട്ടിനുള്ളിൽ അലങ്കരിച്ചിട്ടുണ്ട്. വീടുവാങ്ങുന്നവരുമായി ഈ കലാശേഖരങ്ങളുടെയും ഫർണീച്ചറുകളുടെയും വില സംബന്ധിച്ചും ചർച്ചചെയ്യുമെന്ന് ഉടമ അറിയിച്ചു. “ഇത് എല്ലാവരുടെയും അഭിരുചിയോ ശൈലിയോ അല്ല,” വാങ്ങുന്നവർ ഒന്നുകിൽ അത് ഇഷ്ടപ്പെടും, അല്ല എങ്കിൽ അവ ഒഴിവാക്കും, ബ്രോക്കർ കുനാൽ സിംഗ് പറയുന്നു. കൊറോണ മാഹാമാരിക്ക് ശേഷം ദുബായി പ്രോപ്പർട്ടി മാർക്കറ്റിന് ക്ഷീണമാണ്. 2020ന് ശേഷം പ്രോപ്പർട്ടി കച്ചവടങ്ങൾ നടക്കുന്നില്ലെന്നും വളരെ അടുത്ത സമയം മുതലാണ് അത് പതുക്കെ കയറിവരുന്നതെന്നും കുനാൽ സിംഗ് വ്യക്തമാക്കി.
അതിൻറെ രൂപഭംഗി കണ്ട് ആകൃഷ്ടരാവുന്നവരായിരിക്കും മാർബിൾ കൊട്ടാരം വാങ്ങാൻ പോകുന്നത്. ലോകത്തെ മൊത്തം ജനസംഖ്യയിലെ അഞ്ചോ പത്തോ പേർക്ക് മാത്രമെ ഇത് വാങ്ങാൻ താല്പര്യമുണ്ടാകു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ട് പേർ വീട് കണ്ടു. ഒന്ന് ഒരു റഷ്യക്കാരനാണ് .രണ്ടാമത്തേത് എമിറേറ്റ്‌സ് ഹിൽസിൽ ഇതിനകം മൂന്ന് പ്രോപ്പർട്ടികൾ ഉള്ള ഒരു ഇന്ത്യാക്കാരനാണ്. മാർബിൾ ഹൌസിൻറെ ചുറ്റുമതിലാണ് അദ്ദേഹത്തിൻറെ ഭാര്യയെ ആകർഷിച്ചതെന്നും സിംഗ് പറയുന്നു. ചില ഉന്നത വ്യക്തികളോ ,നേതാക്കളോ, രാഷ്ട്രീയക്കാരോ ആയിരിക്കും ഇത്തരം വസ്തുക്കൾ വാങ്ങുന്നത്. തീർച്ചയായും അത് വാങ്ങുന്നയാൾ രാഷ്ട്രീയത്തിലെ ഉന്നത നേതൃത്വത്തിലുള്ള ആളായിരിക്കും. ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകും, ലക്‌സ്ഹാബിറ്റാറ്റ് സോത്ത്ബിയുടെ മാർക്കറ്റിംഗ് ഡയറക്ടർ കെറി മൈക്കൽ പറയുന്നു.













Discussion about this post