പാലക്കാട്: വ്യാജ രേഖാ കേസിൽ പ്രതിയായ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യയെ 11ാം ദിവസവും കണ്ടെത്താനാകാതെ പോലീസ്. ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. 10 ദിവസമായിട്ടും വിദ്യയെ കണ്ടെത്താനാകാതെ വന്നതോടെ അന്വേഷണസംഘം വിപുലീകരിച്ചിരുന്നു.
സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്. പുതൂർ, ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരേയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ ഉണ്ടായിരുന്ന വിദ്യ അന്വേഷണം ശക്തമായതോടെ കോഴിക്കോട് ഭാഗത്തേക്ക് മാറിയെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം കാലടി സംസ്‌കൃത സർവ്വകലാശാലയിൽ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
വിദ്യ താത്കാലിക അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളേജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. തൃശൂർ കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിൻസിപ്പൽ, ഇന്റർവ്യു ബോർഡ് അംഗങ്ങൾ എന്നിവരുടേയും മൊഴി രേഖപ്പെടുത്തും.
Discussion about this post