കൊച്ചി; 22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം മാറ്റിയെന്ന പരാതിയുമായി പിതാവ് ഹൈക്കോടതിയിൽ. ചെന്നൈയിൽ സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയാണ് കാണാതായ 22 വയസ്സുകാരി. തങ്ങൾ ക്രിസ്തുമത വിശ്വാസികളാണെന്നും ഇസ്ലാം മതത്തിലേക്ക് മകളെ നിർബന്ധിച്ച് മതംമാറ്റി തടങ്കലിൽ വെച്ചിരിക്കുകയാണെന്നുമാണ് പിതാവിൻറെ പരാതി.
പെൺകുട്ടിയുടെ ആഗ്രഹപ്രകാരം അല്ലാതെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഹെബിയസ് കോർപ്പസ് ഹർജിയിൽ ആരോപിക്കുന്നു. ജൂൺമാസം എട്ടാം തീയ്യതി മുതൽ മകളെ കാണാനില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അവസാനമായി ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് മകളുടെ ഒരു ശബ്ദസന്ദേശം അച്ഛന് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് അച്ഛൻ ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം മട്ടന്നൂരിൽ തന്നെ പെൺകുട്ടി എത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്.
എന്നാൽ എതിർകക്ഷിക്ക് എന്താണ് പറയാനുള്ളതെന്ന് അറിയട്ടെ എന്ന് നിർദ്ദേശിച്ച് കോടതി ഹർജി മാറ്റിവെച്ചു.പെൺകുട്ടിക്ക് വിവാഹപ്രായം കഴിഞ്ഞത്കൊണ്ട് എതിർകക്ഷിയുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നാണ് കോടതിയുടെ സമീപനം . സംസ്ഥാന പോലീസ് മേധാവി, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, തിരുവല്ല ഡിവൈഎസ്പി, എന്നിവരെ എതിർകക്ഷികളാക്കികൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
Discussion about this post