തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനൽകാനാവില്ല. ചോദ്യം ചെയ്തതിന് ശേഷം മാത്രമെ അറസ്റ്റ് തീരുമാനിക്കാൻ കഴിയൂ എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് കെ.സുധാകരൻ. അതേ സമയം സുധാകരൻറെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ഈ മാസം 21 വരെ സുധാകരനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സുധാകരന്റെ മുൻകൂർ ഹർജി കോടതി ബുധനാഴ്ച പരിഗണിയ്‌ക്കും.
കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരൻ ഹർജിയിൽ പറയുന്നത്. ഈ മാസം 23-ന് ചോദ്യം ചെയ്യലിന് ഹാജാരാകാൻ ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിൽ മുൻ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവരാണ് മറ്റ് പ്രതികൾ.
കെ. സുധാകരനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം എറണാകുളം അഡീഷണൽ സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 25 ലക്ഷം രൂപ കൈമാറാനായി മോൺസൻ മാവുങ്കലിന്‍റെ കൊച്ചിയിലെ വീട്ടിലെത്തിയപ്പോൾ അവിടെ സുധാകരന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
Discussion about this post