ചെന്നൈ: അഴിമതിക്കേസിൽ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യയെ അറസ്റ്റ് ചെയ്ത് എംകെ സ്റ്റാലിൻ പോലീസ്. ഇന്ന് പുലർച്ചെയാണ് സൂര്യയെ മധുര പോലീസ് അറസ്റ്റ് ചെയ്തത്.
മധുര എംപി വെങ്കിടേശനെതിരായ ട്വീറ്റിനെ തുടർന്നാണ് അറസ്റ്റെന്നാണ് കരുതുന്നത്. മനുഷ്യ വിസർജ്യം നിറഞ്ഞ അഴുക്കു ചാൽ വൃത്തിയാക്കിയ ശുചിത്വതൊഴിലാളി മരിച്ചതിൽ മധുര എംപി വെങ്കിടേശൻ മതിയായ നടപടി സ്വീകരിച്ചില്ലെന്ന് എസ്ജി സൂര്യ ട്വീറ്റിൽ കുറ്റപ്പെടുത്തിയിരുന്നു. ‘കമ്യൂണിസ്റ്റ് കൗൺസിലർ കാരണം ശുചീകരണ തൊഴിലാളിയുടെ ജീവൻ പൊലിഞ്ഞപ്പോഴും മൗനം പാലിക്കുന്ന മധുര എം.പി എസ്.വെങ്കടേശൻ! നിങ്ങളുടെ വിഘടനവാദ കപട രാഷ്ട്രീയം ആ ചെളിക്കുളത്തേക്കാൾ നാറുകയാണ്. ഒരു മനുഷ്യനായി ജീവിക്കാൻ വഴി കണ്ടെത്തൂ സുഹൃത്തേ’ എന്നായിരുന്നു ട്വീറ്റ്.എംപിക്ക് എഴുതിയ കത്തിൽ സൂര്യ ഈ സംഭവത്തിൽ ശക്തമായ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഎം സൈബർ പോലീസിന് പരാതി നൽകുകയായിരുന്നു.
പോലീസ് നടപടിയിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് ബിജെപി പ്രവർത്തകർ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അറസ്റ്റിനെ അപലപിക്കുന്നുവെന്നും കമ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുകയാണ് എസ് ജി സൂര്യ ചെയ്തതെന്നും തമിഴ്‌നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈ പ്രതികരിച്ചു.
‘അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാൻ ഭരണകൂട സംവിധാനത്തെ ഉപയോഗിക്കുന്നതും ചെറിയ വിമർശനങ്ങളിൽ പരിഭ്രാന്തരാകുന്നതും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിന് ചേർന്നതല്ല. ഇതൊരു സ്വേച്ഛാധിപത്യ നേതാവിന്റെ അടയാളങ്ങളാണ്. സ്വേച്ഛാധിപതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംസ്ഥാനത്തെ നിയമമില്ലാത്ത ഇടമാക്കി മാറ്റുകയാണ്’, അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.
Discussion about this post