ആലപ്പുഴ: കായംകുളത്ത് കള്ള് ഷാപ്പുകളുടെ നടത്തിപ്പിനായി സിപിഎം നേതാവ് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി പരാതി. സിപിഎം കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വിവിധ ഷാപ്പുടമകളിൽ നിന്നായി അഞ്ചര ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. ഷാപ്പ് തുറക്കണമെങ്കിൽ പറയുന്ന പണം നൽകണമെന്ന് അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തിയെന്നും, പണം തട്ടിയെടുത്തുവെന്നുമാണ് പരാതി. ഇതിൽ പാർട്ടി അന്വേഷണം ആരംഭിച്ചതായാണ് സൂചന. അതേസമയം സ്പിരിറ്റ് കേസിൽ ഒളിവിലായ വ്യക്തിയ്ക്ക് വേണ്ടിയാണ് ഏരിയ സെക്രട്ടറി ഇടപെട്ടതെന്നും ആരോപണമുണ്ട്.












