പോണ്ട്‌വേ: ഉഗാണ്ടയുടെ അതിർത്തിമേഖലയിൽ സ്‌കൂളിന് നേർക്ക് ഐഎസ് പിന്തുണയുളള വിമതരുടെ ക്രൂരമായ ആക്രമണം. കോംഗോയുമായി അതിർത്തി പങ്കിടുന്ന പോണ്ട്‌വേയിലെ ലുബിറിഹ സെക്കൻഡറി സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. ഐഎസ് പിന്തുണയുളള വിമത സംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് ആണ് ആക്രമണത്തിന് പിന്നിൽ.
കൊല്ലപ്പെട്ടവരിൽ 38 പേർ വിദ്യാർത്ഥികളാണെന്ന് മേയർ സെലെവെസ്റ്റ് മപോസെ പറഞ്ഞു. ഇവരെക്കൂടാതെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. കോംഗോ അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം മാറി കാസെസെ ജില്ലയിലാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുന്നത്.
സ്‌കൂളിലെ ഭക്ഷധാന്യപ്പുര കൊളളയടിക്കുകയും ഡോർമിറ്ററിക്ക് തീവെയ്ക്കുകയുമായിരുന്നു. കണ്ടെടുത്ത മൃതശരീരങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. 25 മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ചില മൃതശരീരങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.
എട്ട് പേരെ ഗുരുതരമായ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതേക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ കോംഗോയിൽ വർഷങ്ങളായി ആക്രമണം നടത്തി വരുന്ന വിമത സംഘമാണ് അലൈഡ് ഡെമോക്രാറ്റിക് ഫ്രണ്ട്.













Discussion about this post