ലണ്ടൻ: അനധികൃത കുടിയേറ്റം തടയുന്നതിനായി യുകെ ഹോം ഓഫീസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോടൊപ്പം റെയ്ഡിൽ പങ്കെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി ബ്രിട്ടണിൽ കഴിഞ്ഞ് വരികയായിരുന്ന 20 രാജ്യങ്ങളിൽ നിന്നുള്ള 105 വിദേശ പൗരന്മാരെയാണ് റെയ്ഡിൽ പിടികൂടിയത്. രാജ്യവ്യാപകമായിട്ടാണ് തിരച്ചിൽ നടത്തി വന്നത്. പിടിയിലായവരിൽ 40 പേരെ എത്രയും വേഗം നാടുകടത്തുമെന്നാണ് വിവരം. മറ്റുള്ളവരെ കുടിയേറ്റക്കാർക്കുള്ള പ്രത്യേക ജാമ്യവ്യവസ്ഥകൾ പ്രകാരം വിട്ടയച്ചു.
അനധികൃത കുടിയേറ്റം തടയുക എന്നത് സർക്കാരിന്റെ പ്രധാന മുൻഗണനാ വിഷയങ്ങളിൽ ഒന്നാണെന്ന് ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അദ്ദേഹം റെയ്ഡ് നടത്തിയ സംഘത്തിന്റെ ഭാഗമായത്. ബ്രെന്റ് മേഖലയിൽ നടന്ന റെയ്ഡിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന ഋഷി സുനകിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
159 ഇടങ്ങളിലായിട്ടാണ് റെയ്ഡ് നടന്നത്. റെസ്റ്റോറന്റുകൾ, കാർ വാഷ് ഷോറൂമുകൾ, നെയിൽ ബാറുകൾ, ബാർബർ ഷോപ്പുകൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ അറസ്റ്റ് നടന്നിട്ടുള്ളത്. ചിലയിടങ്ങളിൽ നിന്ന് പണവും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് വച്ച തൊഴിലുടമകൾക്കെതിരെയും നടപടിയെടുക്കാനാണ് നീക്കം.
Discussion about this post