തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതി ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64. 5 മുതൽ 115.5 മില്ലീ ലിറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെയും ശക്തമായ മഴയുണ്ടാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് തൊഴിലാളികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർവരെ വേഗതയിൽ കാറ്റ് വീശിയേക്കാം. ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത്.
Discussion about this post