കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ബംഗാളിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ ബിജെപി. മുഖ്യമന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുവേന്ദു അധികാരി കൊൽക്കത്ത ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിനെതിരെ മമതാ ബാനർജി സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയെ സമീപിക്കാനുള്ള മമതാ സർക്കാരിന്റെ തീരുമാനം ഹൈക്കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 48 മണിക്കൂറിനുള്ളിൽ കേന്ദ്രസേനയെ വിന്യസിക്കണം എന്നായിരുന്നു ഉത്തരവ്. ഇത് സർക്കാർ നടപ്പിലാക്കിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളിൽ കേന്ദ്ര സേനയെ വിന്യസിച്ചാൽ എന്താണ് പ്രശ്‌നമെന്ന് ഹർജി നൽകിയ ശേഷം സുവേന്ദു അധികാരി മാദ്ധ്യമങ്ങളോട് ചോദിച്ചു. മമത സർക്കാരിന്റെ നടപടിയ്‌ക്കെതിരെ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുൻപാകെ കോടതി അലക്ഷ്യത്തിന് മറ്റൊരു ഹർജി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ബംഗാളിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു ഹൈക്കോടതി കേന്ദ്ര സേനയെ വിന്യസിക്കാൻ നിർദ്ദേശം നൽകിയത്. ജൂലൈ എട്ടിനാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്.
Discussion about this post